Saturday, March 6, 2010

27 ന്റെ ഉന്മാദം


സ്മരണകളിരമ്പുന്നുവെന്നു  പാടി 
പരിഹാസ്യമായൊരു  സമൂഹതൊടു
നെടുവീര്‍പ്പിടും പോലൊരു  ഭാവമാ-
യുടല്‍  ചേര്‍ത്തുവെക്കാനൊരു  കുഞ്ഞുമോഹം


പെറ്റു  വീണതൊരു  വേനല്‍ ദിനങ്ങള്‍ക്കു -
മറ്റത്തു  നിന്നുമിതുപോലൊരു  ദിനം 
ഒറ്റയായി  പിറന്നുവെന്നും  കഥയെന്നു -
മൊറ്റക്കു തന്നെയെന്നുമറിയുന്നു  


വര്‍ഷമിരുപത്തിയേഴിലെത്തുമ്പോഴു    മാത്മ-
ഹര്‍ഷം  വിളമ്പുവാനോര്‍മകളെപ്പോഴും 
നേരിടുമ്പോഴറിയില്ലയെങ്കിലും 
ദൂരെമാറിയൊളി കണ്ണോടു  ചിരിപ്പവര്‍ 
 
വര്‍ത്തമാനത്തിലൂടെ   ചലിക്കുവാന്‍  ഞാനു -
മൊത്തു പോകില്ല  യെന്റെ  വേഗങ്ങളും   
എത്തു  വാനേറെ യുണ്ടെന്നറിയിച്ചു   തന്‍
കര്‍ത്തവ്യബോധം  ഹൃത്തില്‍  നിറച്ചവര്‍


കാത്തു നില്‍പ്പവരെന്‍   കരം  ഗ്രഹിക്കുവാന്‍
ചേര്‍ത്തു  വെച്ചൊരു  തണലും  തടങ്കലും 
നെഞ്ചിലേറ്റി   ഞാനൊരു പോലെയാര്‍ദ്രമായ്   
പുഞ്ചിരികൊണ്ടു  ഘാതമളക്കുന്നു


വേര്‍പെടുത്തലിന്‍  പാപം  ചുമക്കുമീ
മാര്‍ച്ചു  ദിനങ്ങളില്‍  വേര്‍പെട്ടോരീയുടല്‍ 
ചേര്‍ത്തു വെച്ചു  ഞാന്‍   വര്‍ണം  വിതറിയ 
കൂര്‍ത്ത  സ്വപ്നങ്ങളില്‍  ഉന്മാദിയാകുന്നു  ..

Wednesday, March 3, 2010

ജനപ്രിയമാകാന്‍ വിസമ്മതിക്കുന്ന എന്റെ പ്രധാനമന്ത്രിക്ക്

കേവല മര്‍ത്യഭാഷയെ കേള്‍ക്കുവാന്‍ 
നോവു കൊള്ളുന്നോരെന്‍ പ്രഭുക്കളെ 
എങ്കിലെന്നും വിധേയരായ് തീരുവാന്‍ 
ശങ്കയേറെയാണീ ദിനങ്ങളില്‍ 

നിങ്ങള്‍ പേറുമീ നോവിന്‍ വികൃതിയില്‍ 
മങ്ങി ജീവിതചിത്രം ശതങ്ങളില്‍ 
കൊണ്ടുപോയികളഞ്ഞ ബോധത്തിനെ 
വീണ്ടെടുക്കുവാനാകാതെ കേഴുന്നു 

തെറ്റുചോല്ലിക്കാലം കഴിക്കുവാ- 
നൊറ്റയല്ല ഞാനെന്നതോര്‍ക്കണം 
പറ്റുകില്ലയെന്ന സത്യത്തെയെന്നു - 
മൊറ്റി വീഴ്ത്തുവാനാകില്ലയോര്‍ക്കുക 

തേടി നിങ്ങളെത്തുന്ന സംഖ്യയില്‍ 
പേടി തോന്നുന്ന പാവം ജനങ്ങളെ 
പേടി വേണം മാത്രയോരോന്നിലും 
മാടിവീഴാം മൊരുകൊച്ചുകാറ്റിലും 

കണ്ണുകെട്ടി കാലം കഴിച്ചിടാന്‍ , 
മണ്ണുകാണില്ല താങ്ങിനിര്‍ത്തുവാന്‍. 
എണ്ണമില്ലാത്ത ദീനരോദനം, 
മണ്ണുമാന്തിയെ പോലെ തകര്‍ത്തിടും. 

കേവല മര്‍ത്യഭാഷയെ കേള്‍ക്കുവാന്‍ , 
നോവു കൊള്ളുന്നോരെന്‍ പ്രഭുക്കളെ . 
എങ്കിലെന്നും വിധേയരായ് തീരുവാന്‍  , 
ശങ്കയേറെയാണീ ദിനങ്ങളില്‍ ...

Monday, March 1, 2010

ചിന്താവിഷയം

അവധി  തേടിയലയുന്ന   യാത്രയിലോട്ടു-   
മവധിയില്ലാതെ  മനപരവശനായ്. 
അവധിയില്ലാതെന്റെ   കനവിലാകവേ , 
കവന  മന്ദിരം  വിളങ്ങി  നിന്നീടുന്നു.
 
എന്നുചെരുമാ  വര്‍ണ ഗേഹമതി -
ലെന്നു  മാത്രമായ്  ചിന്തയൊക്കെയും,  
ചൊന്ന വാക്കുകളൊന്നുമിപ്പൊഴായ് ,
വന്നു  ചേരായ്ക  യെന്നൊരു  ന്യൂനത.
 
നേരെ പാതിയായ് വന്നു  ചേരുവാന്‍ , 
പേരു ചോന്നൊരാ   സുന്ദരാംഗിയെ,   
നേരിലായൊന്നു  ചെന്നു  പാര്‍ക്കുവാന്‍ ‍, 
ദൂരമേറെ പോലീദിനങ്ങളില്‍ .
 
മേലെയായുള്ള  വീര പുരുഷരെ, 
ശല്യമാകാതെ  ചെന്നു  കണ്ടു   ഞാന്‍ ‍. 
അല്ലലാകില്ല എന്റെ  യഭാവമെന്നു.    
ചൊല്ലിയിന്നും  തളര്‍ന്നു  മടുത്തു ഞാന്‍ .
 

കവിതയുടെ ആഖ്യാനം -ചര്‍ച്ച


ആഖ്യാനമെന്നൊരു  വൈശിഷ്ടിയഭാഗത്തെ
വ്യാഖ്യാനിച്ചു തളര്‍ന്നു പോയ്‌ ചിന്തകര്‍ 
മുഖം കുനിച്ചു അടഞ്ഞ കണ്ണുമായ് 
സഖാക്കളെല്ലാം വരവും മറന്നുപോയ്‌.
ചായക്കുവേണ്ടി മനം തുടിക്കവേ 
ആയില്ല കിട്ടിയ കുടിവെള്ളമോന്നിനും
ആയാസമില്ലാതെ വാക്കുകള്‍ കൂട്ടിയ 
നായകന്‍ രഘൂത്തമന്‍ മിന്നി പതിവുപോല്‍ 
നാരികള്‍ ആറുപേര്‍ കൂര്‍പ്പിച്ച  കാതുമായ്  
വരിമുന്നില്‍ കൌതുകം ചേര്‍ത്തു  വിളങ്ങവേ 
നിരപോലെ വാക്കുകള്‍ നിറച്ചൊരു ടീച്ചറും 
ശരിയായോരാനന്ദം  പ്രകടം പദങ്ങളില്‍ 
ആപ്പിള്‍ ആലില മിത്തെന്ന പേരിലു-
മപ്പടി വ്യത്യസ്ത മായൊരു പുസ്തകം
കൈപ്പടം തന്നിലെക്കെത്തിച്ചു പൊട്ടിച്ചു
മെപ്പാടുമെല്ലാര്‍ക്കു മൊന്നിച്ചു ദര്‍ശനം