Friday, August 6, 2010

ഹിരോഷിമ ദിനം ഓര്‍മ്മപ്പെടുത്തുന്നത് ..

സദാക്കോ ഒരു ജപ്പാനീസ് പെണ്‍കുട്ടി .വെളുത്ത കൊക്കുകള്‍ ഉണ്ടാക്കി വിധിയുടെ ക്രൂരതക്ക് മുന്‍പില്‍ നിന്ന് രക്ഷപെടാന്‍ ആഗ്രഹിച്ചവള്‍.1955 ഒക്ടോബര്‍ 25 നു ആറ്റം ബോംബ്‌ ഉല്പാദിപ്പിച്ചു നല്‍കിയ ലുക്കീമിയ എന്ന രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങുമ്പോള്‍ അവള്‍ക്കു 12 വയസ്സ് പ്രായം.1000 വെളുത്ത കൊക്കുകള്‍ ഉണ്ടാക്കിയാല്‍ ദൈവം ഒരു വരം നല്‍കുമെന്നുമുള്ള ഒരു ജപ്പാനീസ് ഗുരുവിന്റെ ഉപദേശത്തില്‍ അവള്‍ 644 കൊക്കുകള്‍ ഉണ്ടാക്കി..അസുഖത്തിന്‍റെ കടുത്ത പീഡകല്‍ക്കിടയിലും ആതാമാവിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിയ അവളുടെ ശ്രമം പക്ഷെ മരണത്തിന് മുന്‍പില്‍ പരാജയപ്പെട്ടു ..പിന്നീട് അവളുടെ കൂട്ടുകാര്‍ ബാക്കി 356 കൊക്കുകള്‍ കൂടി നിര്‍മിച്ചു അവളുടെ ഓര്‍മകളില്‍ പങ്കു ചേര്‍ന്നു.
അവള്‍ തുടങ്ങി വെച്ച ആവേശം അത് ലോകസമാധാനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വരുടെ ആശയ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടി.അവളുടെ സുഹൃത്തുക്കള്‍ സ്വരൂപിച്ചു കൊണ്ട് ഹിരോഷിമ പീസ്‌ പാര്‍ക്കില്‍ സ്വര്‍ണകൊക്കുമായുള്ള സദാക്കൊയുടെ പ്രതിമ സ്ഥാപിച്ചു..ഇന്നും വെള്ളക്കൊക്കുക ളുമായി അവളുടെ ഓര്‍മ പുതുക്കി സമാധാനത്തിന്‍റെ സന്ദേശം ലോകത്തിനു നല്‍കുന്നു..ആ പ്രതിമയുടെ താഴെ " THIS IS OUR CRY ,THIS IS OUR PRAYER , PEACE IN THE WORLD " എന്നൊരു വാചകം രേഖപെടുത്തിയിട്ടുണ്ട് .
ഹിരോഷിമയില്‍ 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ്‌ 6 നു ഒന്നരലക്ഷത്തോളം പേര്‍ ഈ ലോകത്തു നിന്നും തുടച്ചു നീക്കപ്പെട്ടു .ഒപ്പം മാരകമായ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ,തലമുറകളോളം വിടാതെ പിന്തുടരുന്ന വൈകല്യങ്ങള്‍ ഇതൊക്കെ അവര്‍ക്ക് പകര്‍ന്നു കിട്ടി.1945 ആഗസ്റ്റ്‌ 6 നു രാവിലെ 8 .15നു ആണ് ഹിരോഷിമയില്‍ അണുബോംബ് പതിച്ചത് ,വളരെ വ്യക്തമായി മുന്‍കൂട്ടി തയ്യാറാക്കി നടപ്പിലാക്കിയ ഒന്നായിരുന്നു...ഹിരോഷിമ,നിഗാട,കൊക്കുറ,നാഗസാക്കി നഗരങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത് ഇതില്‍ ഹിരോഷിമ രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍റെ പ്രധാന സൈനിക കേന്ദ്രവും,ആയുധ സംഭരണ കേന്ദ്രവും ..ഒപ്പം വാര്‍ത്താ വിനിമയ കേന്ദ്രവും ആയിരുന്നു.എന്നാല്‍ ഇവിടെ ജപ്പാനിലെ തന്നെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് സഖ്യശക്തികളുടെ ആക്രമണം അവിടുത്തെ നാട്ടുകാരെ അതിശയപെടുത്തുന്ന വിധം കുറവായിരുന്നു .ഇപ്പോള്‍ പല രേഖകളും വായിക്കുമ്പോള്‍ അണുബോംബിന്‍റെ പ്രഹര ശേഷിയുടെ ആഴം കൂട്ടാന്‍ ബോധപൂര്‍വമായി അവിടം സഖ്യകക്ഷികള്‍ സംരക്ഷിച്ചു വന്നു എന്ന് മനസ്സിലാക്കാം.
ഇവിടെ ഇങ്ങനെ ഒരു വിഷയത്തിലേക്കുള്ള വിവരങ്ങള്‍ക്ക് ഞാന്‍ ആധാരമാക്കിയിരിക്കുന്നത് കേരള ഭാഷ ഇന്‍സിസ്റ്റ്യൂട്ടിന്‍റെ പ്രോഫ.എബ്രഹാം നിധീരിയുടെ രണ്ടാം ലോക മഹായുദ്ധം എന്ന പുസ്തകമാണ് ,ഒപ്പം ചില ഇന്റര്‍നെറ്റ്‌ സങ്കേതങ്ങളും .ഇതില്‍ ഈ പുസ്തകം രണ്ടാം ലോക മഹായുദ്ധത്തി ന്‍റെ ചരിത്രം വളരെ വിശദമായി പ്രതിപാദിക്കുന്നു..അണുബോംബ് നിര്‍മാണത്തിന്‍റെ ചരിത്രം .അത് വായിച്ചെടുക്കുമ്പോള്‍ സഖ്യകക്ഷികളുടെയും അതില്‍ തന്നെ അമേരിക്കയുടെയും ക്രൂരമായ വിനോദവും താല്പര്യങ്ങളും എല്ലാം നമുക്ക് ബോധ്യപെടും..ഹിറ്റ്ലറുടെ ക്രൂരതകള്‍ക്ക് പകരം വെക്കാന്‍ അമേരിക്ക നടത്തിയത് അതിലും ആയിരം മടങ്ങ്‌ ഭീകരമായ നരനായാട്ടായിരുന്നു .
ന്യൂക്ലിയര്‍ ഊര്‍ജത്തിന്‍റെ സാധ്യതകളെ പറ്റി ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ അമേരിക്കന്‍ പ്രസിഡെന്‍റ് ആയ റൂസ് വെല്‍റ്റിനു അയച്ച കത്തും അതിനെ തുടര്‍ന്ന് അമേരിക്കന്‍ ശാസ്ത്രഞ്ജന്‍മാരുടെ ഇടപെടലും സമ്മര്‍ദ്ദങ്ങളും ഒക്കെ യാണ് 250 കോടി ഡോളര്‍ ചെലവിട്ടു ഒരു ആണവഗവേഷണ കേന്ദ്രം രൂപപെടുത്താന്‍ ഇടയാക്കിയത് ജര്‍മനിയെക്കള്‍ വേഗം അണുബോംബ് നിര്‍മിക്കുക എന്നതും ,ഓപ്പന്‍ ഹീമര്‍ തുടങ്ങിയ ശാസ്ത്രജ്ഞ രുടെ ഇടപെടലുകളും ഇതിന്‍റെ പ്രവര്‍ത്തനം ത്വരിതപെടുത്തി ..'മാന്‍ഹാട്ടന്‍ പ്രൊജക്റ്റ്‌ ' എന്നായിരുന്നു ഇതിന്‍റെ രഹസ്യ നാമം. ബ്രിട്ടന്‍ കാനഡ തുടങ്ങിയവരുടെ രഹസ്യആണവ പദ്ദതികളായ TUBE ALLOYS ,CHALK RIVER LABORATTORY തുടങ്ങിയവ ഇതിനോടൊപ്പം എകീകരിക്കപെട്ടു ..വളരെ രഹസ്യമായി നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണരൂപത്തെ കുറിച്ച് വളരെ കുറച്ചു ഉന്നതര്‍ക്ക് മാത്രമേ അറിയുവാന്‍ കഴിഞ്ഞുള്ളു ..ഒടുവില്‍ അമേരിക്കയിലെ ഉട്ടാവ് മരുഭൂമിയിലെ ട്രിനിടി സൈറ്റില്‍ ഈ ബോംബ്‌ വിജയകരമായി പരീക്ഷിക്കപ്പെട്ടു ..രണ്ടു ബോംബുകള്‍ ..റൂസ് വെല്‍ ട്ടിനെ യും ചര്‍ചിലിനെയും സൂചിപ്പിച്ചു മെലിഞ്ഞ മനുഷ്യന്‍ എന്നും തടിച്ച മനുഷ്യന്‍ എന്നും അവയ്ക്ക് പേരിട്ടു.,.ഒടുവില്‍ അത് ലിറ്റില്‍ ബോയ്‌ എന്നും ഫാറ്റ് മാന്‍ എന്നും മാറ്റപ്പെട്ടു .
തുടര്‍ന്ന് വൈസ് പ്രസിഡന്റ്‌ ആയിരുന്ന ഹാരി എസ് ട്രൂമാന്‍ പ്രസിടണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു .ജപ്പാനില്‍ നിന്നും ഉയര്‍ന്നു വന്ന കടുത്ത പ്രതിരോധം സഖ്യകക്ഷികള്‍ക്ക് വിജയം അകലത്തിലാക്കി.ട്രൂമാന്‍ ജപ്പാന് നല്‍കിയ പോട്സ്ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളിയപ്പോള്‍ ട്രൂമാന്‍ അണുബോംബ് പ്രയോഗിക്കാന്‍ ഉത്തരവിട്ടു ..ഒരു അമേരിക്കന്‍ സൈനികനെ പോലും നഷ്ടപ്പെടുത്താതെ യുദ്ധം ജയിക്കാമെന്നുള്ള സാധ്യതകളും 250 കോടി ഡോളര്‍ ചെലവിട്ടു നിര്‍മിച്ച ആയുധം ഉപയോഗിക്കാതെ കളയാനാവില്ല എന്നാ വാദവും .കൂടുതല്‍ ബലം നേടിയപ്പോള്‍ ചെറുതെങ്കിലും ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ ഫലിക്കാതെയായി ..ഇന്ന് ചരിത്രം വായിക്കുമ്പോള്‍ പുതിയ ഒരു ആയുധം ഉപയോഗിക്കുന്നതി ന്‍റെ ആവേശം അവരില്‍ പ്രകടമായി തോന്നുന്നു ..വാളും കുന്തവും മാറി തോക്ക് വന്നപ്പോള്‍ ഉണ്ടായ മാറ്റം അത് പോലെ അവര്‍ പുതിയ ആയുധത്തെ സ്വീകരിക്കുവാന്‍ തയ്യാറായി .അതിന്‍റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള അറിവ് ഒരു പക്ഷെ ഇല്ലായിരിക്കാം ..അല്ലെങ്കില്‍ അറിയാവുന്നവര്‍ അത് മറച്ചു പിടിച്ചതാകാം ..
എന്തായാലും ഹിരോഷിമയില്‍ അണുബോംബ് പ്രയോഗിക്കാനുള്ള തീരുമാനമായി..ഇത്തരം ഒരു തീരുമാനത്തിന് സഖ്യ കക്ഷികള്‍ക്കിടയില്‍ അന്നേ ഉള്ള കിടമത്സരങ്ങളും കാരണമായി എന്നും വായിക്കാന്‍ കഴിയുന്നു..അങ്ങനെ ആഗസ്റ്റ്‌ 5 ഞായറാഴ്ച 'എനോള ഗേ 'എന്ന വിമാനം 'ലിറ്റില്‍ബോയ്‌ 'യും വഹിച്ചു ഹിരോഷിമക്ക് പുറപ്പെടുന്നു..കേണല്‍ ടിബട്ട്സ് ആക്രമണം നയിക്കുന്നു..ഒപ്പം ഗ്രേറ്റ്‌ ആര്‍ടിസ്റ്റ് എന്ന നിരീക്ഷണ വിമാനത്തില്‍ ക്യാപ്ടന്‍ സ്വീനി .മൂന്നര ലക്ഷത്തോളം വരുന്ന ഹിരോഷിമക്കാര്‍ ഓഗസ്റ്റ്‌ ആറു തിങ്കളാഴ്ചയുടെ ദിനചര്യകളുമായി ദിവസം തുടങ്ങുന്ന നേരം ..8 .15 കഴിഞ്ഞു 17 സെക്കണ്ട് കഴിഞ്ഞപ്പോള്‍ എനോള ഗെയില്‍ നിന്നും ലിറ്റില്‍ ബോയ്‌ അവിടെ പതിച്ചു ..ഒരു തീഗോളം ആയി രൂപപെട്ട ആ ബോംബ്‌ തല്‍ക്ഷണം 66 ,000 പേരെ കൊന്നൊടുക്കി. ദിവസങ്ങള്‍ കൊണ്ട് ഒന്നര ലക്ഷത്തോളം പേര്‍ മരണം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു,,അതിന്‍റെ ശാപം നേടിയവര്‍ ഇനിയും തീരാത്ത വൈകല്യങ്ങളും പേറി ഇന്നും ജീവിക്കുന്നു .
ഇത് ലോകത്തെ ഞെട്ടിപ്പിച്ചപ്പോള്‍ അമേരിക്കക്ക് അത് ആവേശമായി ..ടോക്കിയോവില്‍ എന്താണ് ഇത് പ്രയോഗിക്കാത്തത് എന്ന ഒരു പത്ര പ്രതിനിധിയുടെ ചോദ്യത്തിന് അമേരിക്കന്‍ സൈനിക മേധാവിയുടെ .."അതിനു സന്ധിയാലോചിക്കാന്‍ അവിടെ ആരെങ്കിലും വേണ്ടേ " എന്ന ക്രൂരമായ ഫലിതം നിറഞ്ഞ മറുപടി തന്നെ അത് വ്യക്തമാക്കുന്നു,,പക്ഷെ അപ്പോഴും കീഴടങ്ങാന്‍ ജപ്പാന്‍ കൂട്ടാക്കിയതുമില്ല..
ഒന്നിന് പുറകെ മറ്റൊന്നുകൂടെ നടത്തിയാലെ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകും എന്ന ഭീതി വളര്‍ത്താന്‍ കഴിയൂ എന്ന അമേരിക്കന്‍ ചിന്ത വീണ്ടും ഒരു ദുരന്തത്തിന് നാന്ദിയായി ..ഫാറ്റ്മാന്‍ അടുത്ത മനുഷ്യവേട്ടക്കു തയ്യാറായി.ടോക്ക്യോ ആണ് അടുത്ത ലക്‌ഷ്യം എന്ന് കഥ പ്രചരിച്ചു എങ്കിലും .കൊക്കുറ ആയിരുന്നു അമേരിക്ക കരുതി വെച്ചതെങ്കിലും ഒടുവില്‍ അത് നാഗസാക്കിയുടെ നിര്‍ഭാഗ്യമായി മാറി ..മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആഗസ്റ്റു 9 നു രാവിലെ 11 മണിയോടെ നാഗസാക്കിയും തീഗോളം വിഴുങ്ങി ..നാല്‍പ്പതിനായിരം പേര്‍ മരണത്തിലേക്ക് രക്ഷപെട്ടു ..അങ്ങനെ ആഗസ്റ്റ്‌ മാസം എന്നും ഓര്‍ക്കാന്‍ പാകത്തിന് ജാപ്പനീസ് ജനതക്കും ലോകത്തിനും രണ്ടു ദുരന്തങ്ങള്‍ സമ്മാനിച്ചു .സദക്കോ അതിന്‍റെ ഒരു പ്രതീകമായി ഇന്നും മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു .
ഇന്ന് യു എസ് ,റഷ്യ ,ഫ്രാന്‍സ് ,ബ്രിട്ടന്‍ ,ചൈന തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യ,പാകിസ്താന്‍ ,ഉത്തര കൊറിയ ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും ആണവ ശക്തികള്‍ എന്ന പേര് നേടിയിരിക്കുന്നു..ആണവ കിടമത്സരങ്ങള്‍ ക്കുമപ്പുറം ആണവ അപകടങ്ങളും നമ്മുടെ മുന്‍പില്‍ ഉണ്ടാകുന്നു..1986 ഏപ്രിലില്‍ ഉക്രയിനില്‍ ചെര്‍നോബിളില്‍ ഉണ്ടായ ദുരന്തം .. 1984 ല്‍ ഭോപാലില്‍ ഉണ്ടായ
അപകടം ഇതെല്ലാം ആണവമേഖല കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പാളീച്ചകള്‍ എത്ര വലിയ വിപത്തായി മാറുന്നു എന്നതിന് വലിയ ഉദാഹരണങ്ങള്‍ ആകുന്നു .ഇത്തരം ദുരന്തങ്ങളില്‍ മരണം ഒരു ആശ്വാസമാണെന്ന് ചരിത്രം രേഖപെടുത്തുമ്പോള്‍ വ്യക്തമാകുന്നത് അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഭീകരതയുടെ ആഴം തന്നെയാണ്..
വര്‍ദ്ധിച്ചു വരുന്ന ജനതയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ വേണ്ടി വരുന്നു എന്ന വാദം ഈ ദുരന്തങ്ങള്‍ കൊണ്ട് അപ്രസക്തമാകുന്നു..ഭാരതം പോലെ ജനസാന്ദ്രതയേറിയ ഒരു രാജ്യത്തു ഇത്തരം ആണവനിലയങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നതും ഒരു പ്രധാന വിഷയമാണ്..ഭോപാല്‍ ദുരന്തവും അതിനോടനുബന്ധിച്ചുള്ള സമീപകാല പ്രശ്നങ്ങളും ഇന്ന് കൂടുതല്‍ രാഷ്ട്രീയമാനം നേടുമ്പോള്‍ അതിന്‍റെ യഥാര്‍ഥമായ ഭീകരത നാം മറന്നു പോകുന്നോ എന്ന് ഗൌരവകരമായി ചിന്തിക്കേണ്ടതാണ് .
യുദ്ധം എന്നതിന്‍റെ ഭീകരത നമ്മള്‍ അംഗീകരിക്കുന്ന കാലത്ത് തന്നെയാണ് ഓരോ രാജ്യങ്ങളും അവരുടെ ആയുധശേഖരം വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത്..ഇന്ന് ലോകത്തില്‍ മറ്റു രാജ്യങ്ങളുടെ ആണവ നിലയങ്ങളുടെ കണക്കെടുക്കാന്‍ നടക്കുന്ന അമേരിക്ക അവരുടെ ശക്തിയോ അവരുടെ ആയുധങ്ങളുടെ എണ്ണമോ വെളിപ്പെടുത്തുന്നില്ല..സമാധാന സംഘടനയായി രൂപം കൊണ്ട ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകളും ഇത്തരം ആയുധ മത്സരങ്ങള്‍ ഒഴിവാക്കാന്‍ സഹായക കാരമാകുന്നില്ല..അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ കൈവരിക്കേണ്ട ബോധവും അറിവും നമ്മള്‍ സ്വയം നെടുന്നതിനോപ്പം വരുന്ന തലമുറയെയും അതിനെ കുറിച്ച് ബോധാവാന്മാരക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനില്‍പ്പിനു അത്യാവശ്യമായി തീരുന്നു..


നവോദയ അല്‍-കോബാര്‍ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഹിരോഷിമ ദിന ചര്‍ച്ചക്ക് വേണ്ടി തയ്യാറാക്കിയ ആമുഖം

No comments:

Post a Comment