ഇന്നും നെഞ്ചിടിപ്പ് കൂടുതലാണ്
മുഖത്തിന്റെ അടയാളങ്ങള്‍ തിരഞ്ഞുപിടിക്കുന്നു
എവിടെയൊക്കെയോ ചേര്‍ത്തുവെക്കാന്‍ സാധിക്കുന്നില്ല
എന്നിട്ടും ഞാന്‍ സ്വയം സമാധാനിക്കുന്നു .
ഇല്ല ,അങ്ങനെ നടിക്കുകയാണ്
മുന്നിലെ തണുത്തുറഞ്ഞ വെള്ളം കുടിച്ചു,
നെഞ്ചു തണുപ്പിക്കാന്‍ ഒരു വിഫല ശ്രമം
ഒരുപക്ഷെ വെള്ളത്തിനു ചൂടകാനാകും ഇഷ്ടം .
ഉള്ളിലെ കറുപ്പുകള്‍ പുറത്തേക്കു പരക്കുന്നു
ധരിച്ച വെള്ളവസ്ത്രം എന്നെനോക്കി ചിരിക്കുന്നു.
അത്ഭുതങ്ങള്‍ വളരെ സാവകാശം നെഞ്ചിന്‍ മേല്‍
ശരമെയ്യുന്നു ,പിന്നെ ആടിതിമിര്‍ക്കുന്നു.
എന്തത്ഭുതം ,അല്ലെങ്കില്‍ അങ്ങനെ എന്താ ഉള്ളത്
മുന്നില്‍ പതിഞ്ഞ കാല്പടുകളിലെല്ലാം
മുന്നേ പതിഞ്ഞവയുടെ അടയാളങ്ങള്‍
അതെ ഞാന്‍ എന്റെ വിളവെടുക്കുകയാണ്.
എല്ലാം അറിയാമല്ലോ എന്നൊരാള്‍
എന്റെ വര്‍ത്തമാനങ്ങള്‍ ആവാമത്
പക്ഷെ എനിക്കെന്താ അറിയാമായിരുന്നത്
എല്ലാം കണ്ണടച്ച് ഇരുട്ടക്കിയതായിരുന്നു .
കഥകള്‍ കഥപോലെ തോന്നുണ്ടാകും
ഉള്ളില്‍ ലയിച്ചു ചേരാത്ത കഥകള്‍
പറഞ്ഞു കേട്ടതും കണ്ടു നിറഞ്ഞതും കഥകള്‍
പക്ഷെ എന്റെ വിധിക്ക് തൂക്കം കേട്ടതിനായിരുന്നു.
പക്ഷെ കേട്ട വാക്കുകള്‍ക്കായിരുന്നില്ല കാപട്യം
കേട്ട അവസ്ഥക്കായിരുന്നു,പക്ഷെ എന്താവസ്ഥ
അന്ന് പക്ഷെ ഉരുണ്ടു പിരണ്ടിട്ടും ഉറക്കം വന്നില്ല
അതാവാം അവസ്ഥക്ക് മാറ്റമുണ്ടെന്നു തോന്നിയത് ..
അപ്പോള്‍ ഉറങ്ങിയിരുന്നേല്‍ പ്രശ്നമില്ല
എന്ത് പ്രശ്നം, ഉറക്കമാണല്ലോ ആദ്യ ലക്‌ഷ്യം .
അങ്ങനെ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ എന്ത് ചിന്തിക്കും
അതേ,,ഇതാണ് പ്രശ്നം .കുറെ കേള്‍വിക്കാര്‍
ഇതിപ്പോള്‍ എങ്ങനെ തീര്‍ക്കും ,തുടങ്ങിപോയല്ലോ ,
അപ്പോള്‍ തുടങ്ങണ്ടായിരുന്നു എന്നാവും
അവിടെ നിന്നും മറുപടി, ചരിത്രം ആവര്‍ത്തിക്കരുത് .
എന്തു ചരിത്രം ,ഒരു ചരിത്രവും ആവര്‍ത്തിച്ചിട്ടില്ല.
പക്ഷെ ചരിത്രം പേടിപ്പിച്ചിട്ടുണ്ട് ,കരയിച്ചിട്ടുണ്ട് .
ചരിത്രങ്ങളെ കീറി മുറിക്കുന്നവര്‍
ഉത്തരങ്ങള്‍ തേടി വീണ്ടും ചോദ്യമാവര്‍ത്തിക്കുന്നവര്‍
അവര്‍ അറിയുന്നുണ്ടോ ,അവരും ചരിത്രമാകുന്നുവെന്നു .
ആരാ ഇതൊക്കെ അറിയാന്‍
അല്ലേല്‍ ആര്‍ക്കൊക്കെ ഇതൊന്നും അറിയില്ല .
എഴുതിയാലും പിന്നെയും ബാക്കി ,
അക്ഷരങ്ങളും വരികളും അവസാനിക്കുന്നില്ല,
മഷി നിറച്ച പേനകള്‍ പക്ഷെ തീര്‍ന്നുകൊണ്ടേയിരിക്കും
കോറിവരച്ച പേപ്പറുകളും .
ഈ ലോകത്തില്‍ അവകാശികള്‍ നമ്മള്‍ മാത്രമല്ല
അല്ലേല്‍ നമുക്ക് ഒരവകാശവുമില്ല .
ഇപ്പോഴും നെഞ്ചിടിപ്പിന് വേഗം കൂടുന്നു .
ഇതാണ് കേട്ട കഥ ,
ഓരോ നെഞ്ചിടിപ്പും വിലാപങ്ങള്‍ ഉണ്ടാക്കുന്നു
വിലാപങ്ങള്‍ തത്വശാസ്ത്രമെന്നു വീമ്പുകൊള്ളും.
ഒടുവില്‍ അതിന്റെ ഗന്ധം ചുറ്റുപാടിന്റെ മൂക്കുപോത്തിക്കും
അപ്പോഴേക്കും എവിടെയൊക്കെയോ പുതിയ
നെഞ്ചിടിപ്പുകള്‍
രൂപം കൊള്ളും
അങ്ങനെ ചങ്ങലയില്‍ കണ്ണികള്‍ നീണ്ടുപോകും ..