Thursday, November 26, 2009

ഈദ് മുബാറക്..


ഇന്നെന്നെ ശ്രീശാന്ത്‌ സന്തോഷിപ്പിക്കുന്നു .....


ആ സന്തോഷത്തിലും കഴിഞ്ഞ നവംബര്‍ 26 ന്റെ  നഷ്ടങ്ങളോട്  മനസ്സ് ചേര്‍ക്കുന്നു...പ്രാര്‍ത്ഥിക്കുന്നു...                      

                   
ഒപ്പം ഇന്നലെ എന്നില്‍ നിന്നു പിറന്ന ഒരു ചോദ്യം അതിന്റെ മറുപടിക്കായി നിര്‍വികാരനായി കാത്തിരിക്കുന്നു...



എല്ലാവര്‍ക്കും ബക്രീദ് ആശംസകള്‍ .....

Wednesday, November 25, 2009

കഥയമമ കഥയമമ കഥകളതിസാഗരം

കഥയമമ  കഥയമമ കഥകളതിസാഗരം
കാകല്സ്ഥ ലീലകള്‍ കേട്ടാല്‍ മതി വരാ......

കഥകളാണ് മനസ്സ് നിറയെ...പത്തു കഥകള്‍ ചേര്‍ന്ന് മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നറിയുന്നു.എന്റെ അനിയന്‍ പറയുന്നു "നീ കുറെ നല്ലതു മിസ് ചെയ്യുന്നു എന്ന് " അതെ എന്ന് ഞാനും .ഇപ്പോള്‍ കഥകള്‍ എന്റയും മനസ്സ് നിറയ്ക്കുന്നു..ജീവിച്ചു തീര്‍ത്ത കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളിലൂടെ മനസ്സ് സഞ്ചരിക്കുമ്പോള്‍ എല്ലാവരും ഓരോ കഥകളില്‍ നായകപട്ടം കെട്ടുന്നു..ഇവിടെ നവോദയയുടെ ലൈബ്രറി യില്‍ നിന്നുമെടുത്ത നീര്‍മാതളം പൂത്ത കാലം എന്ന പുസ്തകം എന്റെ മുന്‍പിലുണ്ട്...അതിലെ കഥാപത്രങ്ങള്‍ക്കു ലഭിച്ച വശ്യതയാര്‍ന്ന അംഗീകാരമാണ് എന്നെ കൊതിപ്പിക്കുന്നത്..അങ്ങനെയാണ് ഇപ്പോള്‍ എന്റെ മനസ്സിലെ ചിന്തകളിലേക്ക് ഞാന്‍ എത്തിയത്..അച്ഛനെയും അമ്മയേയും ചേട്ടനെയും ഒക്കെ മാധവിക്കുട്ടി വരച്ചു വെക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓര്‍മവന്നത് അച്ഛനെയും ചേട്ടനെയും അമ്മയേയും ഒക്കെ കുറിച്ചു  ആവേശത്തോടെ  സംസാരിക്കുന്ന  അമ്മുവിനെയാണ്...മാധവിക്കുട്ടിയുടെ മനസ്സില്‍ നിറഞ്ഞ അസംതൃപ്തികള്‍ ആവാം അവരില്‍ കഥാകാരിയെ നിര്‍മ്മിച്ചത്‌  എന്ന് തോന്നുന്നു .ആകെ കുറച്ചു പുസ്തകങ്ങള്‍ മാത്രം വായിച്ച അറിവില്‍ മഹത്തുക്കളെ കുറിച്ച് പറയുമ്പോള്‍ ലജ്ജ തോന്നേണ്ടതാണ്. എങ്കിലും എന്നിലും നിറയുന്ന അസംതൃപ്തി എന്നെ കൊണ്ടും ഇങ്ങനെയൊക്കെ പറയാന്‍ പ്രേരിപ്പിക്കുന്നു ..
            ഇന്നു മുതല്‍ പത്തു ദിവസത്തേക്ക് ഇവിടെ ബക്രീദിന്റെ ആഘോഷമാണ് ..എനിക്ക് അവധിയും ..നാട്ടിലേക്ക് പൊകാമായിരുന്ന ഒരു അവസരം , ഇപ്പോള്‍ ഓര്‍ത്തെടുത്തപ്പോള്‍ ചെറിയൊരു നിരാശ ഇല്ലാതില്ല എങ്കിലും ഈ അവധിയില്‍ എന്തെങ്കിലും ഒക്കെ നിറയെ വായിക്കണമെന്ന് എല്ലാതവണയും പോലെ ആഗ്രഹിക്കുന്നു .ഇവിടെ ഇപ്പോള്‍ ഹജ്ജ്ന്റെ നിറവിലാണ്.ഇന്നലെ ഇവിടെ അടുത്തു നിന്നും ചെറു സംഘങ്ങള്‍ പോകുന്നുണ്ടായിരുന്നു..ഒരു സുഖമുള്ള തണുപ്പ് ഇവിടെ നിറഞ്ഞു..ഇനി അതിലെ സുഖം മാഞ്ഞു മാഞ്ഞു അസഹ്യമായി മാറുന്ന ദിവസത്തിലേക്ക് കാത്തിരിക്കുന്നു.ഇനി ഓവര്‍കോട്ടും തൊപ്പിയുമില്ലാതെ  പുറത്തിറങ്ങുക അസാധ്യം .മരുഭൂമിയുടെ മറ്റൊരു മുഖം.
    കഴിഞ്ഞ ശനിയാഴ്ച യാണ് ഇവിടെ അപ്സര ഹോട്ടലില്‍ ശ്രീ ദക്ഷിണാ മൂര്‍ത്തി വരുന്നു എന്ന് നവോദയയുടെ സെക്രട്ടറി സന്തോഷ്‌ ചേട്ടന്‍ വിളിച്ചു പറഞ്ഞതു. അപ്പോള്‍ ഞാന്‍ കരുതി ദക്ഷിണാമൂര്‍ത്തി സ്വമിയാണെന്നു..അവിടെ ചെന്നപ്പോള്‍ കണ്ട ബാനറില്‍ സ.ദക്ഷിണാമൂര്‍ത്തി എന്ന് കണ്ടപ്പോള്‍ ഉണ്ടായ അമ്പരപ്പ് എന്റെ നവോദയ സഹയാത്രികന്‍ പിണറായി ക്കാരന്‍ സഖാവ് സുഗീത്-അവനോടു ഞാന്‍ പറയുകയുണ്ടായി.അപ്പോഴാണ് അത് ദേശാഭിമാനി ചീഫ് എഡിറ്ററും സി പി എം  നേതാവും ആയ സ.ദക്ഷിണാമൂര്‍ത്തി എന്നറിഞ്ഞത് .അദ്ദേഹവും നിരാശപെടുത്തിയില്ല.നാട്ടില്‍ വെച്ച് പോലും ചെവി കൊടുക്കാത്ത രാഷ്ട്രിയവിശദീകരണ യോഗം .അതിനുമുണ്ടായിരുന്നു ഒരു സുഖം .അതില്‍ മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള വിശദീകരണങ്ങള്‍ മുന്‍പ് ഞാന്‍ എഴുതിവെച്ചവയെ കൂടുതല്‍ ദൃഡമാക്കുന്നത് പോലെ തോന്നി,ഉദാഹരണങ്ങള്‍ വേറെയാണെങ്കിലും.
     കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി നവോദയയിലെ പരിപാടികളില്‍ സജീവമായി പങ്കെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് .ഇപ്പോള്‍ എനിക്ക് കൂട്ടായുള്ള ഏകാന്തതയെ ഇല്ലാതാക്കുക എന്നതായിരുന്നു ആദ്യ ഉദ്ദേശം .പക്ഷെ ഇന്ന് ഈ രീതിയിലെങ്കിലും എഴുതാനുള്ള പ്രേരണ നവോദയയാണ്  എന്നില്‍ ഉണ്ടാക്കിയത് .നവോദയ സൗദി അറേബ്യയിലെ ഇടതുപക്ഷ കൂട്ടായ്മയാണ് .ഇവിടെ ഞങ്ങള്‍ രാഷ്ട്രീയം പങ്കുവെക്കാറുണ്ട്..നാട്ടില്‍ നടക്കുന്നവയെ കുറിച്ച് ആകുലപെടാറുണ്ട് ആശ്വാസം കൊള്ളാറുണ്ട്‌..സാഹിത്യം പറയുന്നു.വായന മരിക്കുന്നതിനെ പറ്റി,അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നു .മാത്രമല്ല അതിനെ അതി ജീവിക്കാന്‍ ഞങ്ങള്‍ സ്വയം പുസ്തകങ്ങളെ തേടിയിറങ്ങുന്നു പുസ്തകങ്ങളിലേക്ക് ചെല്ല്ലുന്നു.സ.ഇ എം.എസിന്റെ ജന്മശതാബ്ദി ആഘോഷമായി ഇവിടെ നൂറു ദിവസത്തെ പരിപാടികള്‍ ആണ് നടന്നത് .അതിന്റെ സമാപനത്തിന് എത്തിയത് കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ സാരഥിയും ഇടതു പക്ഷ വക്താവുമായ സ.പി കെ പോക്കര്‍ ആണ്.അന്ന് അദ്ദേഹം അവതരിപ്പിച്ച വിഷയങ്ങള്‍ അധിനിവേശത്തെ കുറിച്ചും സംസ്കാരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും ആയിരുന്നു.എന്നിലെ പൗരബോധത്തിന്റെ ദിശയില്‍ ഉണ്ടാകേണ്ട തിരുത്തലുകള്‍ അതിലൂടെ ഞാന്‍ നേടിയെടുത്തു എന്ന് തോന്നുന്നു.
                                   നവോദയ ഒരുവശത്ത് നിറയുമ്പോള്‍ കഴിഞ്ഞ ആഴ്ച ഇവിടം ചലിപ്പിച്ച മറ്റൊരു പരിപാടിയായിരുന്നു  SURYAINDIA FESTIVAL  09 .സാംസകാരിക രംഗത്തെ അതികായന്‍ ശ്രീ കൃഷ്ണമൂര്‍ത്തി ഇത്തവണ സൗദിക്ക് സമ്മാനിച്ചത്‌ മൂന്നു രൂപങ്ങളായിരുന്നു.SURYA യുടെ  സൗദിയിലെ സാന്നിധ്യം ഞങ്ങളുടെ കമ്പനി ആയ സൈഹാത്തി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ന്റെ നേതൃത്വത്തില്‍ ഉള്ള orion sargam ആണ് .ഇത്തവണ ഹരിയും ചേതനയും മനോഹരമായ കഥകും തുടര്‍ന്ന് ഉസ്താദ്‌ റഷീദ് മുസ്ടും സംഘവും ചേര്‍ത്ത ഫ്യുഷന്‍ സംഗീതവും ഒക്കെയായി ഇവിടെ പുതിയ അനുഭവങ്ങള്‍ സൃഷ്ടിച്ചു.ഒടുവില്‍ ഷഹബാസ് അമന്‍ ഗസലിലൂടെ എത്തിയപ്പോള്‍ സമയം  കുറച്ചു വൈകിയിരുന്നു.കഴിഞ്ഞ പരിപാടി ഈ വര്‍ഷാദ്യം നടന്നപ്പോള്‍ ശ്രീ ശശി തരൂര്‍ ആയിരുന്നു മുഖ്യാഥിതി..അനുഭവത്തില്‍ ആ പ്രോഗ്രാം മികവില്‍ അല്‍പ്പം മുന്നിട്ടു നിന്നതായി തോന്നി
                                                        മറ്റൊരു  വലിയ വിശേഷം ഇവിടെയും ലുലു വന്നു..ജി സി  സി മലയാളികളില്‍ സൗദിയെ മാറ്റി  നിര്‍ത്തുന്ന ഒരു വലിയ ഘടകം ലുലു ആയിരുന്നു എന്ന് തോന്നുന്നു...എന്തായാലും ശ്രീ യൂസഫലി ഇവിടെയും എത്തി..ആഘോഷം അവസാനിക്കുന്നില്ല..ഇവിടുത്തെ വഴികള്‍ എല്ലാം ഇപ്പോള്‍ ലുലുവിലേക്ക് എന്ന് പറയാം..ബക്രീദിന് കാശു പൊട്ടിക്കാന്‍ ഒരു വഴി കൂടി...അങ്ങനെ ഞങ്ങള്‍ക്കും ലുലു ഉണ്ടെന്നു ഞങ്ങളും പറയുന്നു...ഇതൊക്കെ ഇവിടുത്തെ വലിയ വാര്‍ത്തകള്‍ ....

          അങ്ങനെ ദിവസങ്ങളില്‍ സൗദി അറേബ്യ യില്‍ മലയാളികള്‍ അവരുടെ അടയാളങ്ങള്‍ ചാര്‍ത്തി വെക്കുന്നു..ഈ നാടിന്റെ വളര്‍ച്ച മലയാളികളെയും വളര്‍ത്തി വലുതാക്കി ..തിരിച്ചു മലയാളിയിലൂടെ സൗദിയും വളര്‍ന്നു..അതിനൊപ്പം സാമൂഹ്യവിരുദ്ധരുടെ കൂട്ടത്തിലും ഇന്ത്യന്‍ പേരുകള്‍ കേള്‍ക്കുന്നു..എല്ലാ ഇന്ത്യക്കാരും  ഇവര്‍ക്ക് ബംഗാളി കളാണ്..അങ്ങനെ ജീവിതം പുതിയതും കണ്ടും കേട്ടും അതിന്റെ യാത്ര തുടരുന്നു...പുതിയ കഥകള്‍ പറഞ്ഞു കൊണ്ട്,...
കഥയമമ  കഥയമമ കഥകളതിസാഗരം


  

Saturday, November 21, 2009

ഞാന്‍ എന്റെ ക്ഷമയെ ആസ്വദിക്കുന്നു,കാരണം ഞാന്‍ നിന്നെ ഇഷടപെടുന്നു

എഴുതി തുടങ്ങിയിട്ട് ഒരാഴ്ചയി ലേറെ യാകുന്നു,ബ്ലോഗ്‌ എന്ന സങ്കല്പത്തിന്റെ വിശാലത എന്നെ അമ്പരപ്പിക്കുന്നു .എത്രയോ പേര്‍ , എത്രയോ മനോഹരമായ വിഷയങ്ങള്‍ , ഈ ലോകത്തില്‍ അവരവരുടെ കയ്യൊപ്പുകള്‍ പതിപ്പിക്കുന്നു.വളരെയേറെ സന്തോഷം തോന്നുന്നു.വളരെ കുറച്ചു പേര്‍ എങ്കിലും എന്റെ വാക്കുകള്‍ ആഘോഷിക്കാന്‍ മനസ്സു കാണിച്ചു .ഞാന്‍ എന്നെ വ്യക്തിയുടെ ശുദ്ധീകരണമാണിവിടെ.മനസ്സില്‍ നിറഞ്ഞ മാലിന്യങ്ങളെ കഴുകിക്കളയാന്‍  തീവ്രമായി ആഗ്രഹിക്കുന്നവന്റെ വീര്‍പ്പുമുട്ടലിലാണ് ഞാന്‍ .ഇവിടെ ഞാന്‍ ഓരോ ദിവസവും കാത്തിരിപ്പിന്റെ കാമുകനാണ്  ഞാന്‍ .ഞാന്‍ എന്റെ ക്ഷമയെ ആസ്വദിക്കുന്നു,കാരണം ഞാന്‍ നിന്നെ ഇഷടപെടുന്നു എന്നെഴു തി വെക്കുന്നതിന്റെ ഉദ്ദേശം വേറൊന്നല്ല.എന്റെ ജീവിതം പകുത്തെടുത്തു നിന്റെ ഹൃദയത്തിലേക്ക് ചേര്‍ത്ത് വെക്കാമോ എന്നൊരു ചോദ്യം ഓരോ നിമിഷത്തിലും എന്നില്‍ നിന്നുയരുന്നു.
                 അര്‍ത്ഥശൂന്യമായ ഒരു പറ്റം ചിന്തകള്‍ എന്നെ ഓരോ നിമിഷവും വട്ടം കറക്കുന്നു..സംഭവിക്കുന്നതിനെ ഇഷ്ടപെടാന്‍ മനസ്സിനെ പഠിപ്പിക്കുവാന്‍ എനിക്ക്  കഴിയുന്നില്ല..എന്റെ വാക്കുകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് അനില്‍ പറയുന്നു.എനിക്കിഷ്ടം അതെന്റെ മനസ്സാണ് എന്നെഴുതി അത് പൂരിപ്പിക്കാനാണ് .അപ്പോള്‍ ആ യഥാര്‍ത്ഥ്യം ഞാന്‍ അംഗീകരിക്കണ്ടേ..ഒരു ദിവസത്തിലെ ഏതെങ്കിലും ചില മിനുട്ടുകള്‍ എന്നെ ഈ അറിവ് സങ്കടപെടുത്തുന്നു.ജീവിതത്തെ ഒത്തിരി പേര്‍ ഒത്തിരി അര്‍ത്ഥത്തില്‍ വിവക്ഷിച്ചു കണ്ടിട്ടുണ്ട്.ഓരോ ജീവിതവും ഓരോ അനുഭവം എന്ന് ഈ 26 വര്‍ഷങ്ങള്‍ എന്നെ പഠിപ്പിക്കുന്നു.ഓരോ അനുഭവങ്ങളെയും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ അനന്തമായ മൗനത്തിലേക്ക്എത്തിച്ചേരാമെന്ന് എനിക്ക് തോന്നുന്നു ഞാനും അത്തരമൊരു മൗനം കൊതിക്കുന്നു..അതിലേക്കു നടന്നടുക്കുന്നു.എന്നിലെ മനുഷ്യനെ വളര്‍ത്തുന്നതില്‍ എന്റെ ചുറ്റുപാടുകള്‍ നല്‍കിയ അറിവുകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണിനു മുന്‍പിലുള്ള ഒന്നിനെയും ഒഴിവാക്കാന്‍പറ്റാതെ വരുന്നു.എല്ലാവരും എന്റെ ഗുരുക്കന്മാര്‍ ...എല്ലാവരും എന്നെ അത്ഭുതപെടുത്തുന്നു.ജീവിതത്തിന്റെ അര്‍ത്ഥശൂന്യത ഓരോ അനുഭവങ്ങള്‍ എന്നെ മനസിലാക്കുന്നു.എന്നിട്ടും പലയിടങ്ങളിലും ഞാന്‍ വിങ്ങിപോട്ടുന്നു.എങ്കിലും ഒടുവില്‍ വളരെ പണിപെട്ട് ഞാന്‍ എന്നിലേക്ക്‌ മടങ്ങിയെത്തുന്നു .ഞാന്‍ ജീവിക്കണമെന്നതു എന്റെ മാത്രം ആവശ്യമെന്നു മനസിലാക്കുക പക്ഷെ അത് ഒരിക്കലും മരിച്ചു പോകുക എന്ന അര്‍ത്ഥത്തില്‍ ആകുകയും അരുത്.
              എന്റെ ജീവിതവും എന്റെ ചിന്തയും എന്റെ വാക്കുകളും ഒപ്പം എന്റെ ബ്ലോഗും യാത്ര തുടരുന്നു...ഈ ലോകത്ത്  ഞാനും ജനിച്ചു എന്ന തിരിച്ചറിവിലൂടെ .....

 

Tuesday, November 17, 2009

എന്റെ വീട് ....എന്റെ സ്വപ്നങ്ങളുടെയും ..........


ഇത് എന്റെ വീട് .....ഇതിനും പേര് സാരസമുഖി നക്ഷത്രം അവിട്ടം .........ജീവിതത്തിലെ സമ്പാദ്യങ്ങളില്‍ ഒരു പക്ഷേ അല്പം മൂല്യം ഇതിനു കൂടിയേക്കാം..പണി തീരുന്നതും ഞാന്‍ അവിടെ എത്തുന്നതും ---ഞാന്‍ കാത്തിരിക്കുന്നു...

Saturday, November 14, 2009

സാരസമുഖീ സഖീ......


സാരസമുഖീ സഖീ
താര ദേവ  മനോഹരീ
രാവിരുണ്ടു‌ നിശാന്തത്തില്‍
രാഗചന്ദ്രനുദിക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴഞ്ഞു..
മാനിനി വരികെന്റെ
മാര മണ്ഡപം പൂകാന്‍
സാരസമുഖീ സഖീ
താര ദേവ മനോഹരീ..

എല്ലാവരും ചെവിയോര്‍ത്തു കാത്തിരിക്കുക ...
ഞാനും ആ വരവിന് കാതോര്‍ത്തിരിക്കുന്നു..ജീവിതം ജീവിച്ചു തന്നെ തീര്‍ക്കുവാന്‍ ......

Friday, November 13, 2009

എനിക്ക് പേടിക്കാന്‍ പേടിയാകുന്നു....

ഇന്നലെ ഇന്ത്യാവിഷന്‍ ചാനലില്‍ ദി ഗ്രേറ്റ്‌ ഇന്ത്യന്‍ സര്‍ക്കസ് എന്നൊരു പരിപാടിയുടെ അവസാനം ഇ എം എസ് മാധ്യമഅവകാശങ്ങള്‍ക്ക്  വേണ്ടി വാദിച്ചിരുന്നു എന്നും ഇന്നത്തെ കേരള കേന്ദ്ര സര്‍ക്കാരുകള്‍ അവരെ കൂച്ചുവിലങ്ങിടാന്‍ തക്കം പാര്‍ത്തു നടക്കുന്നു എന്നും റിപ്പോര്‍ട്ട്‌ ചെയ്തു കണ്ടു.ഞാന്‍ വളരെ അധികം പേടിക്കുന്ന സമയമാണിത്.ഒരുപറ്റം മനുഷ്യരുടെ തികച്ചും സങ്കുചിതമായ ഉദ്ദ്യേശങ്ങള്‍ .ഞാന്‍ എന്ത് കാണണമെന്ന് അവര്‍ തീരുമാനിക്കുന്നു.എന്റെ മനസ്സിനെ മലിനമാക്കാന്‍ അവര്‍ ശ്രമിക്കുന്നു.എന്റെ പേടി തീരുന്നില്ല.ഇന്ന് ഏറ്റവും വലിയ തമാശയാക്കി അവര്‍ രാഷ്ട്രീയത്തെ മാറ്റിയെടുത്തു.ഒരു പൈങ്കിളി സാഹിത്യത്തിന്റെ നിലവാരത്തിലേക്ക് അവര്‍ വാര്‍ത്തകളെ എത്തിച്ചു..
            ഇവിടെ ഇന്റര്‍നെറ്റിന്റെ സഹായത്തില്‍ കേരളകൗമുദി ,മാതൃഭൂമി തുടങ്ങിയവയുടെ പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ്‌ ഞങ്ങള്‍ക്ക് കിട്ടാറുണ്ട്‌.എല്ലാവര്‍ക്കും അവരവരുടെ ലക്ഷ്യങ്ങള്‍ ,അവര്‍ തിരക്കഥ രചിക്കുന്നു.മണ്ടന്‍ രാഷ്ട്രിയതൊഴിലാളികള്‍ അവര്‍ വിരിക്കുന്ന വലയില്‍ വീഴുന്നു.ഞാന്‍ മനസ്സാ വരിച്ച ഇടതുപക്ഷ മാണു ഇതില്‍ ഏറ്റവും ദയനീയമെന്നു പറയാതെ വയ്യ.മാങ്ങയുള്ള മാവിലെ കല്ലെറിയൂ എന്ന സാമാന്യബോധം പോലുമില്ലാതെ അവര്‍ ഇവരുടെ കൊമാളി നാടകത്തിലെ കഥാപാത്രങ്ങള്‍ ആകുന്നു. ഇതിന്റെ മറവില്‍ അഴിമതിക്കാരെയും സാമൂഹ്യവിരുദ്ധരെയും ഈ മാധ്യമങ്ങള്‍ ഉള്‍പ്പെടെ യുള്ളവര്‍ സംരക്ഷിക്കുന്നു.ഇതിനുമപ്പുറം എന്ത് സ്വാതന്ത്ര്യം ആണ് അവര്‍ക്ക് വേണ്ടത് എന്ന് ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല.എന്റെ അറിവ് പരിമിതമാകാം,എന്ന് വെച്ച് പറയേണ്ടത് പറയാതെ വയ്യ.
              ശ്രീശാന്ത്‌ എന്ന ചെറുപ്പക്കാരനെ ഇട്ടു തട്ടുക എന്നത് ഒരു ഹോബി ആയി കേരളകൗമുദി നടപ്പാക്കുന്നു എന്നത്  കഴിഞ്ഞ ഒരു മാസത്തെ അവരുടെ പത്രങ്ങളിലെ വാര്‍ത്തകള്‍ സാക്ഷ്യപെടുത്തുന്നു.ഒടുവില്‍ ശാസനകള്‍ വേണ്ടുവോളം വന്നു നിറഞ്ഞപ്പോള്‍ അവരെന്തോ യുദ്ധം ജയിച്ച രീതിയില്‍ പ്രതികരിക്കുന്നതും കണ്ടു.ഒടുവില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തി എന്നവാര്‍ത്തയിലെ അവസാന വരികളില്‍ മാത്രം അല്‍പ്പം നന്മാകലര്‍ന്നതായി തോന്നി.ശ്രീശാന്ത്‌ ഒരിടത്ത് തല്ലു വാങ്ങിയപ്പോള്‍ മീരാജാസ്മിന്‍ കേരളകൗമുദിയുടെ തലോടലുകള്‍ ഏറ്റുവാങ്ങുന്നതും കാണാന്‍ കഴിഞ്ഞു..അവര്‍ക്ക് അര്‍ഹമായ സ്ഥാനം മലയാളസിനിമ നല്‍കുന്നില്ല എന്നത്  ഒരുപാടുതവണ പലരൂപത്തില്‍ എഴുതികണ്ടു..ഇതൊക്കെ എന്റെ കാഴ്ചകള്‍ ...
         ഞങ്ങള്‍ പ്രവാസികള്‍ നാടിനെ കുറിച്ച് ചിന്തിച്ചു വെക്കുന്നതതൊക്കെ മിഥ്യാധാരണകള്‍ എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.ഞങ്ങളുടെ പ്രിയപെട്ടവര്‍ ഞങ്ങള്‍ ചിന്തിക്കുന്നതിലും വേഗത്തില്‍ മാറ്റങ്ങള്‍ക്കു വിധേയനാകുന്നു.പ്രവാസിയുടെ ചിന്തകളില്‍ അവന്‍ നാട്ടില്‍ നിന്ന് വന്ന ആ ദിവസത്തെ അതെ രൂപങ്ങങ്ങളാണ് അവന്റെ പ്രിയപെട്ടവര്‍ക്ക് എന്ന ഒരു നിരീക്ഷണം ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ഒടുവില്‍ അവര്‍ പിന്നിട്ട ദൂരങ്ങള്‍ തണ്ടാന്‍ ഇവന് കുറുക്കുവഴികള്‍ തേടേണ്ടി വരുന്നു.ഒടുവില്‍ 90 %  പേരും കോമാളികളായി തോറ്റു മാറുകയാണ്‌ പതിവ്.അങ്ങനെ സ്വയം പഴിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.ഇതില്‍ ആരെ പ്രതി ചേര്‍ക്കാന്‍ കഴിയും. ആരും ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാറില്ല ..പലതവണ കേട്ടതാണ് ഈ വാക്കുകള്‍ എങ്കിലും അനുഭവങ്ങളില്‍ അത് ബലം വെക്കുന്നു.
         അപ്പോള്‍ ഞങ്ങളെ ഞങ്ങളുടെ കാഴ്ച്ചകളും തോല്‍പ്പിച്ചാലോ? എല്ലാം കച്ചവടമാണെന്നു എല്ലാവരും പറയുന്നു.എല്ലാവര്‍ക്കും എല്ലാം അറിയാം.എന്താണ് ഇതിന്റെ പ്രതിവിധി എന്നും എല്ലാവര്‍ക്കും അറിയാം.എന്നിട്ടും ഇനി പിറക്കാനിരിക്കുന്ന കൃഷ്ണനിലും ഗാന്ധിയിലും നാം പ്രതീക്ഷവെക്കുന്നു.എല്ലാവരുടെയും കൈകള്‍ ബന്ദിക്കപെട്ടിരിക്കുന്നു,എന്റെയും .പേടികൂടുകയാണ്.ഇനി സുര്ര്യനും ചന്ദ്രനും നക്ഷത്രങ്ങളും കൂടി നമ്മളെ ചതിക്കുമോ...

Thursday, November 12, 2009

ഇപ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു...

മൂന്നു ദിവസം മുന്‍പാണ് മലേഷ്യയില്‍ നിന്നും എനിക്കൊരു സുഹൃത്തിനെ കിട്ടിയത്
ഒരു പേരിലേക്ക്  "നിങ്ങളുടെ അഡ്രസ്‌ ബുക്കിലേക്ക് എന്റെ പേര് കൂടി ചേര്‍ക്കൂ" എന്ന് പറയുമ്പോള്‍ ഞാന്‍ ആ പേര് തെരഞ്ഞെടുക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ വിചിത്രമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു .ഈ ബ്ലോഗിന്റെ ലിങ്ക് അവള്‍ക്കു അയച്ചു കൊടുക്കുമ്പോള്‍ അവളുടെ മറുപടി അവിടെ മലയാളം പഠിപ്പിക്കുന്ന സ്ഥാ‍പനങ്ങള്‍ ഇല്ല എന്നായിരുന്നു.മലയാളം സംസാരിക്കാന്‍ അറിയുന്ന കേരളം കണ്ടിട്ടില്ലാത്ത ആ സുഹൃത്തിനെ ഈ വരികളില്ലൂടെ വീണ്ടും ഓര്‍ക്കുന്നു.
         ആവേശത്തോടെ ആരംഭിച്ചിട്ട് അറിഞ്ഞുകൊണ്ടുതന്നെ ആ വഴി ഉപേക്ഷിക്കുന്ന രീതി മറ്റു പലരെയും പോലെ എന്റെയും ഒരു ശാപമാണ് .ഒന്നിലും മനസ്സുറപ്പിച്ചു അത് പൂര്‍ത്തിയാക്കാന്‍ പലപ്പോഴും എനിക്ക് കഴിയാറില്ല.അതുകൊണ്ട് തന്നെ ചിന്തകളെ നിയന്ത്രിച്ചു ലക്ഷ്യത്തിലേക്ക് എത്തിക്കുവാനുള്ള മാര്‍ഗങ്ങളെ ഞാന്‍ വളരെ ആഗ്രഹത്തോടെ  തേടുകയാണ്.മറ്റു മനുഷ്യര്‍ പറഞ്ഞും എഴുതിയും വെച്ച ബുക്കുകളും ഉപദേശങ്ങളും എന്റെ മുന്‍പില്‍ ഉണ്ട്.എങ്കിലും ഒരു ബുക്കിലും ഒരു സിനിമയിലും പറഞ്ഞു വെച്ച പോലെ ജീവിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കിയ ന്യായം ഇവിടെയും മൂടുപടമാക്കി വെക്കുന്നു.
        എന്റെ ഈ വാക്കുകള്‍ എന്റെ സുഹൃത്തുക്കള്‍ ആവേശപൂര്‍വ്വം വായിക്കുകയും എന്റെ സുഹൃത്തായി ജീവിക്കുന്നതില്‍ അവര്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നതോര്‍ത്ത്‌ ഞാന്‍ പുളകിതനാകുന്നു !!!!.
അപ്പോഴും ഈ വാചക കസര്‍ത്ത്  അല്ലേല്‍ മഹാനായ കവിയുടെ ഭാഷയില്‍ തോന്ന്യാക്ഷരങ്ങള്‍ ,അതില്‍ പതിക്കുന്ന കല്ലുകളെയും  ആരോഗ്യകരമായ തര്‍ക്കങ്ങളെയും ഞാന്‍ സ്നേഹിക്കുന്നു.
  തൊഴിലാളി ദിനത്തിന്റെ പ്രഭാതത്തിലാണ് ഞാന്‍ ആദ്യഅവധി കഴിഞ്ഞു സൗദിലേക്ക് തിരികെ വന്നത്.അന്ന് വിമാനത്തിലേക്ക് തിരികെ കയറുമ്പോള്‍ ഒരു പക്ഷെ മരണത്തെ മറ്റു എന്തിനേക്കാളും വലുതായി ഞാന്‍ കൊതിച്ചിരുന്നു.അന്നുമുതല്‍ ഈ നിമിഷം വരെ എന്നില്‍ നിറയുന്ന ഈ ഉന്മാദം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് ഒരു റെയില്‍വേ സ്റ്റേഷന്‍ യാത്രയില്‍ എന്റെ ഇടത്തും വലത്തും ഇരുന്ന എന്റെ പ്രിയപെട്ടവരായിരുന്നു.ഇന്ന് ഞങ്ങള്‍ക്കിടയില്‍ ഉള്ള ഒരു നേര്‍ത്ത മൗനം ഞങ്ങളിലെ സൗഹൃദത്തിന്റെ ഊഷ്മളതയെ വീണ്ടും ഹൃദ്യമാക്കും എന്ന് കരുതുന്നു.

     

Wednesday, November 11, 2009

നമസ്കാരം

ഞാന്‍ എന്റെ ഹൃദയം നിങ്ങള്‍ക്കു പകുത്തു നല്‍കുന്നു .ഇതില്‍ ഞാന്‍ നിറയ്ക്കുന്ന വാക്കുകള്‍ ,വികാരങ്ങള്‍ അവ എനിക്ക് മാത്രം പ്രിയപെട്ടതാണ്.ഞാന്‍ എന്ന വാക്കോ  ഞാന്‍ എന്ന ഭാവമോ ഇതില്‍ നിറയെ കണ്ടേക്കാം .കുറെ ധാരണകള്‍ സാന്ദര്‍ഭികമായി ശരിയെന്നും തെറ്റെന്നും വ്യഖ്യനിക്കപെടുന്നതിനാല്‍ ഞാന്‍ അതില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും എല്ലാറ്റിനെയും കുറിച്ചു എന്തെങ്കിലും ധാരണകള്‍ ഉണ്ടായിരിക്കണമെന്നു എനിക്ക് നിര്‍ബന്ധമാണ്‌ .എന്റെ ശരിതെറ്റുകള്‍ തിരഞ്ഞുകൊണ്ട്‌ എന്റെ സഹോദരങ്ങള്‍ അടിപിടി കൂടുന്നതു കാണാന്‍ ഒരു സുഖമാണ്.തികച്ചും സ്വാര്‍ത്ഥമായ ഒരു സുഖം.
                                            ഒരു പ്രവാസിയുടെ വിലാപങ്ങള്‍ എന്ന  പേര് എന്റെ പറച്ചിലുകള്‍ക്ക് നല്‍കിയത്  എന്റെ സുഹൃത്ത്‌ കുറ്റിക്കാട്ടൂര്‍കാരന്‍ ഫമീദ്‌ ആണ്.ഞാന്‍ അതിനെ അംഗീകരിക്കാന്‍ മനസ്സുകാട്ടിയില്ലെന്കിലും ആരുടേയും കൂട്ടിചെര്‍ക്കലുകളെ ഞാന്‍ എതിര്‍ക്കുന്നില്ല.എന്തിനാണ് ഒരു പ്രവാസി വിലപിക്കുന്നത്.പ്രവാസിയുടെ  അനുഭവങ്ങള്‍ അവനു മാത്രം സ്വന്തമാണ്..ഞാന്‍ എന്റെ അമ്മയെ എന്റെ നാടിനെ എന്തുകൊണ്ട് കൂടുതല്‍ ഇഷ്ടപെടണമെന്നു  അറിഞ്ഞത് ഈ ജീവിതത്തിലെ അനുഭവങ്ങള്‍ കൊണ്ട് മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്നിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചു ഞാന്‍ ബോധവാനാണ്.എനിക്ക് ഓരോ നിമിഷവും മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നു.നേരത്തെ പറഞ്ഞ പോലെ ഓരോ നിമിഷവും എന്റെ ധാരണകള്‍ എന്നെ  ചിരിപ്പിച്ചും കരയിപ്പിച്ചും കടന്നു പോയിട്ടുണ്ട്.കുറച്ചുനാള്‍ എന്നെ കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നു എന്നതാവാം എന്റെ പ്രശ്നം എന്ന് ഇപ്പോള്‍ തോന്നുന്നു.അതിനുശേഷം ആരെങ്കിലും എന്നെ കേള്‍ക്കണം എന്ന നിര്‍ബന്ധം എനിക്ക് ഉണ്ടായിതീരുകയായിരുന്നു.എന്തൊക്കെയോ വ്യത്യസ്തമായി ചിന്തിച്ചപ്പോള്‍ -വ്യത്യസ്തം എന്ന് എനിക്ക് തോന്നിയത്  ഈ കാലത്തിന്റെ ബിംബങ്ങള്‍ ചേരുന്ന സംഘങ്ങളുടെ വിമര്‍ശനം ശകതമായപ്പോഴാകണം
            അങ്ങനെ യാത്ര തുടരുകയാണ്‌ ...ഒരര്‍ത്ഥത്തില്‍ ഞാന്‍ തുടങ്ങുകയാവാം ..തീറ്റയും വെള്ളവും തന്നു എന്നെ വളര്‍ത്തിയ എന്റെ അനുഭവങ്ങളെ ഞാന്‍ ഇപ്പോള്‍ ഉപയോഗപെടുത്താന്‍ തുടങ്ങുകയാണ് .എങ്കിലും ഈ യാത്രയില്‍ എനിക്ക് പൊതിച്ചോര്‍ ആകാന്‍ പോകുന്നവയെ എനിക്ക് ഇപ്പോള്‍ നിശ്ചയമില്ല .
                ഈ വാക്കുകളിലെ അര്‍ത്ഥങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും കടപ്പാട് എന്റെ അനുഭവങ്ങള്‍ക്കും ഉത്തരവാദിത്തം എന്നോടും മാത്രമെന്നും ബോധിപ്പിക്കുന്നു .അതുകൊണ്ടുതന്നെ ഈ വാക്കുകളില്‍ ഈ പറച്ചില്‍ അവസാനിക്കാതിരിക്കാനും അതിന്റെ ബാധ്യത സ്വയം ഏറ്റെടുക്കാനുമുള്ള മനസ്സാന്നിധ്യം കൈവരുമെന്നുള്ള പ്രതീക്ഷ എന്നില്‍ നിറയ്ക്കുന്ന ഈ നിമിഷത്തിനു നന്ദിയും രേഖപെടുത്തുന്നു.