Wednesday, March 16, 2011

പൈങ്കിളി രാഷ്ട്രീയം



                         സഖാവ് വി എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നോ ഇല്ലയോ എന്നതത്രേ ഇന്നത്തെ കേരളരാഷ്ട്രീയത്തിലെ പ്രധാന ചോദ്യം .എന്തായാലും ഉത്തരങ്ങള്‍ പലവേഷത്തില്‍  പറന്നു നടക്കുന്നുണ്ട് ..മാതൃഭൂമി യുടെ തലക്കെട്ട്‌ വാര്‍ത്തയുടെ പോസ്റര്‍ കണ്ടു .."തടി പിടിച്ചത് ആന ..നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികള്‍ ".എന്തായാലും സി പി എം ന്‍റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല ..അങ്ങനെ ഒരു പ്രസ്താവന ആരും പറഞ്ഞതായും അറിവില്ല ..പിന്നേ ഈ ചര്‍ച്ചകളില്‍ ഒക്കെ കണ്ടത് വെച്ച് അങ്ങനെ ഒന്നു ആര്‍ക്കും വേണ്ട എന്നതുപോലെയാണ് .മാതൃഭൂമി യും മനോരമയും പിന്നേ ഏഷ്യാനെറ്റും ഒക്കെ ഇനി ഈ വാര്‍ത്തയുടെ ചൂട് ഇതേ അവസ്ഥയില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് തന്നെ കരുതണം.
       ചിന്തിക്കുമ്പോള്‍ വിചിത്രമെങ്കിലും ഇപ്പോഴത്തെ രീതി വച്ച് അത്ര വിചിത്രമായി തോന്നാത്ത തരത്തില്‍ പല വ്യാഖ്യാനങ്ങളും അതിലുപരി പല പ്രവചനങ്ങളും ഒക്കെ പല ചര്‍ച്ചയിലും കണ്ടു .അപ്പൂപ്പന് യാത്ര പറയുന്ന സുഹൃത്ത്‌ ..യു ഡി എഫിന് ഈസി വാക്കോവര്‍ പറയുന്ന സുഹൃത്ത്‌ .അഞ്ചു വര്‍ഷത്തെ പരാജയമാണ് ഇതെന്ന് കല്‍പ്പിക്കുന്ന സുഹൃത്ത്‌ .ശക്തമായി ഇടതുപക്ഷത്തെ പിന്താങ്ങിയവര്‍  വി എസ് ഇല്ലാത്തതു കൊണ്ടു  ഞാന്‍ എല്‍ ഡി എഫിന് വോട്ടു ചെയ്യില്ല എന്നു പ്രഖ്യാപിക്കുന്നു  ..ആകെ രസമാണ് .ചോദ്യം ചോദിക്കുന്നവര്‍ക്കും ചോദ്യങ്ങള്‍ക്കും വലിയ ക്ഷാമമൊന്നും ഇതുവരെയില്ല ..പക്ഷെ ഇവരോടൊക്കെ മറുപടി പറയാന്‍ ഏന്റെ ചില ഇടതുപക്ഷ സുഹൃത്തുക്കള്‍ ശ്രമിച്ചു വശാകുന്നത് കണ്ടു വിഷമംതോന്നുന്നു . എന്തായാലും ഇതൊക്കെ അങ്ങനെ നടക്കും ..സ്വന്തമായി സംരക്ഷിക്കാനോ വിശ്വസിക്കാനോ പ്രത്യേകിച്ച് ഒന്നുമില്ലാത്തവര്‍ അങ്ങനെ ഉള്ളവരെ കടിച്ചു കീറും .വായില്‍   തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ ഓരോന്ന് ചോദിക്കും .പക്ഷെ ചില വിശ്വാസങ്ങളും ചില ചിന്തകളും ഒക്കെയുള്ളവന് അതു സംരക്ഷിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നതു സ്വാഭാവികം .അപ്പോള്‍ അതിനെ ചൂഷണം ചെയ്തു അന്നന്നത്തെ ആനന്ദത്തിനു വകയുണ്ടാക്കുന്നവന്റെ ചിന്താഗതി എനിക്കു സഹതാമുണ്ടാക്കുമെങ്കിലും യാതൊരു ഉളുപ്പും ഈ പറയുന്ന വര്‍ഗത്തിന് ഉണ്ടാകുമെന്ന്  കരുതുന്നില്ല..
                                അപ്പോള്‍ വി എസ് ആകും  ഇത്തവണയും താരം ..പല മഹത്തുക്കളും കോളമെഴുതി ജീവിക്കുന്നവരും ഒക്കെ വി എസ് ആണ് താരം എന്നു പറഞ്ഞു പത്രങ്ങളായ പത്രങ്ങള്‍ ഒക്കെ നിറച്ചു കഴിഞ്ഞു .എന്തായാലും എനിക്കു കൌതുകം യു ഡി എഫിനെ കുറിച്ചാണ്  ..ഈ ഒരു വാര്‍ത്തയും വര്‍ത്തമാനങ്ങളും ഒക്കെ കൊണ്ടു ഉപയോഗം അവര്‍ക്കാണല്ലോ .എങ്ങനെയും ഒരു നൂറ്റി നാല്‍പ്പതു പേരെ അങ്ങ് നിര്‍ത്തിയാല്‍ മതി . ബാക്കി ഞങ്ങള്‍ ഏറ്റു എന്ന മട്ടിലാണ്‌ ഇന്ന് വി എസ് സ്നേഹികളുടെ രാഷ്ട്രീയം .ഏന്റെ തന്നെ ഒരു സുഹൃത്തിന്റെ പോസ്റ്റില്‍ സാധാരണക്കാരന്റെ രോദനമെന്നൊക്കെ   എഴുതിക്കണ്ടു . സാധാരണക്കാരെയൊക്കെ ഇങ്ങനെ വിലപിപ്പിക്കാന്‍  കഴിയുന്നു എന്നത് എത്ര കൃത്യമായ പ്ളാനിംഗ് ആയിരിക്കണം .അങ്ങനെ ഒന്നു രൂപപെടുത്തിയെടുക്കാന്‍ മനോരമയും മാതൃഭൂമിയും ഒക്കെ നടത്തിയ ശ്രമങ്ങള്‍ ഇവിടെ വിളവെടുക്കുന്നു എന്നു കരുതാം.അതിന്റെ സന്തോഷങ്ങള്‍ നാളെ പുലരുമ്പോള്‍ വര്‍ണ്ണചിത്രങ്ങളില്‍ മുന്നില്‍ കാണും .അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടി മാധ്യമങ്ങളും എന്തൊക്കെ ചെയ്താലും അതു മതിയാകാതെ വരും എന്നു തോന്നുന്നു ..കാരണം ഒരു പൈങ്കിളി സീരിയല്‍ കാണുന്നപോലെ എല്ലാ മസാലകളും ചേര്‍ത്തു വിളമ്പാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നത് തന്നെ .
                               പക്ഷെ പാര്‍ട്ടിയുടെ ഈ തീരുമാനം അത് ഈ കേട്ടത് ശരിയാണെങ്കില്‍  എന്നെ സന്തോഷപ്പെടുതുന്നു. അങ്ങനെ ഒരു തീരുമാനം ഉണ്ടായാല്‍ അതായിരിക്കും ഏറ്റവും വിപ്ലവകരമായ തീരുമാനം.ഒരാള്‍ ഒരു താരം അല്ല ഒരു ഇടതു പക്ഷ പാര്‍ട്ടിക്ക് വേണ്ടത് .ഒരു നയമാണ് .അതിലൂടെയുള്ള നടപ്പിലാക്കാനുള്ള ആര്ജ്ജവമാണ് .കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ പി ബി എടുത്ത ഒരു തീരുമാനം മാറ്റിയത് പോലുള്ള അവസ്ഥകള്‍ ഉണ്ടാകാതിരിക്കട്ടെ .
                                 ഇത്തരം പൈങ്കിളി ക്കഥകള്‍ ആണ് അഞ്ചു വര്‍ഷം തന്നെ ഭരിക്കുന്നവനെ തെരെഞ്ഞെടുക്കുന്നവന്റെ മാനദണ്ഡം എന്നു വെക്കുന്നവരോട് വീണ്ടും സഹതാപം മാത്രം ..ഓരോ മുന്നണിയുടെ നയങ്ങള്‍ .ഇന്ന് മത്സരിക്കുന്ന രണ്ടു പ്രമുഖ മുന്നണികളുടെയും സര്‍ക്കാരുകള്‍ ഒന്നു കേന്ദ്രത്തിലും ഒന്നു കേരളത്തിലും നിലവിലുണ്ട് .അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താം , എന്തൊക്കെ ചെയ്യുന്നു എന്തൊക്കെ ചെയ്തു എന്നൊക്കെ യുള്ള കണക്കുകള്‍ പരിശോധിക്കാം .പ്രകടന പത്രികകള്‍ പരിശോധിക്കാം , മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ വ്യക്തിജീവിതവും അവരുടെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ഒക്കെ പരിഗണിക്കാം ..ഇങ്ങനെ ചേര്‍ത്തു വായിക്കേണ്ട അനവധി കാരണങ്ങള്‍ വെച്ച് ഒരു വോട്ടു ചെയ്യുന്നതിന് മുന്‍പ് അല്‍പ്പമൊന്നു ഗൃഹപാഠം ചെയ്താല്‍ ചെയ്ത വോട്ടിനെങ്കിലും ഒരു മതിപ്പ് തോന്നും .അങ്ങനെ ഒന്നു ഉണ്ടാകുന്നതു വരെ  ഓരോന്നിനും   അത് മനോരമ പറഞ്ഞതാ ..അത് മാതൃഭൂമി പറഞ്ഞതാ എന്നൊക്കെ ന്യായീകരണം പറയുന്നത് കേട്ടു കൊണ്ടേയിരിക്കണം  .അതിനു കഴിയുന്ന ഒരു ജനത രൂപപ്പെട്ടു വരട്ടെ എന്നു ആശിക്കാം .ഇതൊക്കെ കൊണ്ടു തന്നെ ആ വാചകം വീണ്ടും കയ്യടി നേടുന്നു .."ഒരു ജനത അവര്‍ അര്‍ഹിക്കുന്ന ഭരണ കര്‍ത്താക്കളെയാണ്   അവര്‍ക്ക് ലഭിക്കുന്നത് ".

4 comments:

  1. ജനകീയജനാധിപത്യം പുലര്‍ന്നു ലെവിയടച്ച് നോയ്‌മ്പെടുത്തിരിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷചിന്താഗതിക്കാരില്‍ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ഒരു പക്കാ കമ്മ്യൂണിസ്റ്റുകാരന്‍ സംസാരിക്കുന്നതുപോലെ തന്നെ അവരും സംസാരിക്കണം എന്നാഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല!

    കേരളത്തിലെ യുവജനങ്ങളില്‍ എത്രപേരില്‍ കാണും ഇന്നു നല്ല രാഷ്ട്രീയ ബോധം? അവര്‍ ക്രിക്കറ്റിനും സിനിമാനടന്മാര്‍ക്കും ഫാന്‍‌സ് അസോസിയേഷനുകളുണ്ടാക്കി ഒടുങ്ങുകയാണ്. ഒരു പണിയും ചെയ്യാനില്ലാതെ നടക്കുന്ന എന്നാല്‍ കൈയില്‍ കണക്കിലേറെ പണവും ഉള്ള ഒരു കൂട്ടം വളര്‍ന്നുവരുന്നുണ്ട്. ശക്തമായ അരാഷ്ട്രീയത അവരില്‍ രൂഢമൂലമാവുന്നുമുണ്ട്. നേതാക്കന്മാരുടെ വഴിവിട്ട ജീവിതവും സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളും ജനങ്ങളെ അവരില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. ജനകീയ പ്രശ്‌നങ്ങളേക്കാള്‍ നേതക്കന്മാര്‍ക്കു വലുത് കോടികള്‍ വെച്ച് ബിനാമി കളിക്കുന്ന കോര്‍‌പ്പറേറ്റ് പ്രശ്നങ്ങളാണ്. സാധാരണക്കാരന്‍ മാറി ചിന്തിക്കുന്നതിലെന്താണു തെറ്റ്?

    അനീതി ചെയ്തവരെ സംരക്ഷിക്കാനും അവര്‍ക്ക് ഇന്‍ക്വിലാബു വിളിക്കാനും വി.എസ് ഒരിക്കലും കൂട്ടുനിന്നിട്ടില്ല. പാര്‍ട്ടി അതിനു ശ്രമിക്കുമ്പോഴൊക്കെ ശക്തമായ പ്രതിക്ഷേധം അദ്ദേഹം നടത്തിയിട്ടുമുണ്ട്. ശക്തനും തന്റേടിയുമായ ഒരു മുഖ്യനുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കീഴിലിരുന്ന് തോന്ന്യവാസങ്ങള്‍ ചെയ്യാന്‍ പലര്‍ക്കും പേടികാണും - വി. എസ് മുഖ്യമന്ത്രിയാവണം എന്നാഗ്രഹിക്കുന്നതിന്റെ ലോജിക്ക് ഇത്രമാത്രമാണ്. നിങ്ങള്‍ക്കതിനെ പൈങ്കിളിരാഷ്ട്രീയമെന്നും വി. എസ്. അനുകൂലിയെന്നും പിണറായി പ്രതികൂലിയെന്നുമൊക്കെ പേരിട്ട് വിളിച്ച് സത്യത്തില്‍ നിന്ന് ഒളിച്ചോടാമെന്നു മാത്രം.

    കേരളത്തിലെ മാധ്യമങ്ങളെല്ലാം ഇടതുപക്ഷത്തിന്റെ നാശം ആഗ്രഹിക്കുന്നവരെന്ന ചിന്തയൊന്നും എനിക്കില്ല. പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോകുന്ന ആള്‍ക്കാര്‍ക്ക് നാട്ടില്‍ എണ്ണം ഏറിവരുന്നു. ഒരു പുനര്‍‌വിചിന്തനം നടത്താതെ, വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതു എന്നുള്ള വരട്ടു ന്യായങ്ങള്‍ അങ്ങ് ബ്രാഞ്ച് മീറ്റിം‌ങില്‍ പറഞ്ഞാല്‍ മതിയാവും - എല്ലാം സഹിച്ച്, വാക്കുകള്‍ നഷ്ടപ്പെട്ട ഒരൂ കൂട്ടം പാവങ്ങള്‍ അവിടെ ഉണ്ടാവും, നിങ്ങള്‍ക്കു വേണ്ടി അവരതു വിശ്വസിക്കും.

    ഞാന്‍ വീണ്ടും പറയുന്നു, വി. എസ്. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി മത്സരിക്കാത്ത പക്ഷം ഞാന്‍ വോട്ടു ബഹിഷ്‌കരിക്കുന്നു. ഇതൊരു സാധാരണക്കരന്റെ വിലാപം തന്നെയാണ്; നന്മ കുറച്ചെങ്കിലും പുലര്‍ന്നു കാണാനാഗ്രഹിക്കുന്ന ഒരു പച്ച മലയാളിയുടെ രോധനം!

    ReplyDelete
  2. shiju munnott veccha kathalaya subject rajesh thamaskarikkuunnu...democraciyil ideolegy valare pradhanamanu.shiju pls go ahead with your valuable disccussions


    raghu

    ReplyDelete
  3. https://profiles.google.com/sreevilasom/posts/7ay62Ao9vt5

    ReplyDelete
  4. "സ്വന്തമായി സംരക്ഷിക്കാനോ വിശ്വസിക്കാനോ പ്രത്യേകിച്ച് ഒന്നുമില്ലാത്തവര്‍ അങ്ങനെ ഉള്ളവരെ കടിച്ചു കീറും"

    What do you believe in ? Do you believe in "Revolution"-Any radical change in Kerala/Indian societal structure in recent future?...

    ReplyDelete