Tuesday, November 4, 2014

യാഥാർത്ഥ്യം

യാഥാർത്ഥ്യമെന്നത് എകപക്ഷീയമല്ല ; ഏറ്റവും കുറഞ്ഞത് ഒരു മൂന്നു പക്ഷമെങ്കിലും വേണം !!!


Monday, September 1, 2014

ഈ അടുത്തകാലത്ത് അയല്‍പക്കത്ത് ഹ്രസ്വ സന്ദര്‍ശനത്തിനു വന്ന മയില്‍  അനുവദിച്ചു തന്ന ഫോട്ടോ ഷൂട്ടില്‍ നിന്ന് ..ഉടല്‍ ഒന്നില്‍ തല മറ്റൊന്നില്‍ 



Monday, August 25, 2014

ജന്മദിനാശംസകള്‍

ഊര്‍മിള,

നീ ഇന്ന് മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്നു .

താരതമ്യേന പതിയെ ആണെങ്കിലും, 
വാക്കുകളില്‍ വ്യക്തത പോരെങ്കിലും 
നിനക്ക് പറയാന്‍ ആകുന്നതും തോന്നുന്നതുമെല്ലാം 
നീ പറയുന്നുണ്ട്

ഇനി ഞാനും നിന്‍റെ മറ്റു രക്ഷാകര്‍ത്താക്കളും 
പഠിപ്പിക്കേണ്ടി വരുക ,
നീ എന്തെല്ലാം പറയാന്‍ പാടില്ലാ എന്നതായിരിക്കാം..

അതാകാം , നിന്നെ കാത്തിരിക്കുന്ന വിദ്യാഭ്യാസത്തില്‍
ഏറ്റവും പ്രധാനം 

എങ്കിലും കുഞ്ഞേ ഞാന്‍ ആഗ്രഹിക്കുന്നു ,

ഈ ലോകത്ത് ജീവിച്ചിരിക്കാന്‍ 
എന്തൊക്കെ  ആരോടൊക്കെ , 
എങ്ങനെയൊക്കെ പറയണമെന്ന് 
നിന്നെ പഠിപ്പിക്കേണ്ടി വരരുതെന്ന് .



Wednesday, August 13, 2014

ബോധം

"You never realise how strong you are,
 until being strong is the only option you are left with."- വീണ്ടും പറഞ്ഞത് മഞ്ജുവാര്യര്‍

 ഒരു ദുരന്തമോ,
   കണക്കുകൂട്ടാത്ത തരത്തില്‍ വന്നു ഭവിക്കുന്ന കാലതാമസമോ
 ജീവിതത്തിന്‍റെ ഗതിയെ തന്നെ ബാധിക്കുമെന്ന അവസ്ഥ കണ്‍മുന്നില്‍  വരുന്നതു വരെ സ്വയം പര്യാപ്തത എന്ന അവസ്ഥയെക്കുറിച്ച്  ബോധവതികള്‍ ആകാത്ത സ്ത്രീ വര്‍ഗത്തോട് .......

 കുറച്ചു നേരത്തെ ആ ബോധം വന്നാല്‍ നിങ്ങള്‍ക്ക് തന്നെയാണ് നല്ലത്

Monday, August 11, 2014

ദാമ്പത്യം

ഒന്നുകില്‍ എന്‍റെ മുന്‍പേ നടക്കുക,
എന്നെ നയിക്കുക.

അല്ലെങ്കില്‍ എന്‍റെ പിന്നില്‍ നടക്കുക,
ഞാന്‍ നയിക്കാം.

പക്ഷെ ഒരിക്കലും എന്‍റെ ഒപ്പം നടക്കാന്‍
ശ്രമിക്കാതിരിക്കുക.

അവിടെ ഒരു പക്ഷെ നമുക്ക് മത്സരിക്കേണ്ടിവരും.
അവിടെ നാം രണ്ടു വ്യക്തികള്‍ മാത്രമായേക്കാം

Saturday, August 9, 2014

അവനവനിസം -ഒന്ന്

എനിക്കൊന്നും ഒളിക്കാനില്ല
ഞാനൊരു തുറന്ന പുസ്തകമാണ്
എന്നെ ഇവിടുത്തെ പ്രേക്ഷകര്‍ക്ക് അറിയാം
അവരുടെ മുന്‍പിലാണ് ഞാന്‍ വളര്‍ന്നത്
ദൈവത്തില്‍ മാത്രം വിശ്വസിച്ചു പുലരുന്ന ഒരാളാണ് ഞാന്‍

താങ്കളുടെ  പതിനാലു വര്‍ഷത്തെ ദാമ്പത്യജീവിതമാണ് അവസാനിക്കുന്നത്.സിനിമാതാരങ്ങള്‍ക്കിടയില്‍ ഇത്തരം വേര്‍പിരിയലുകള്‍ ഇപ്പോള്‍ ധാരാളമായി നടക്കുന്നുണ്ട്. ഇതു എന്ത് സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത് എന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ ?

സുഹൃത്തേ ,എനിക്ക് തോന്നുന്നത് താങ്കളും താങ്കള്‍ ഉള്‍പ്പെടുന്ന മാധ്യമലോകമെന്ന കൂട്ടവും സര്‍വവും മംഗളമായി നടക്കുന്ന ഒരു മിഥ്യാലോകം നിര്‍മിക്കുവാനോ അതല്ലെങ്കില്‍ അത്തരം ഒന്നു നിര്‍വചിച്ചു വെച്ചിട്ട് അതിനുള്ളില്‍ നിന്നോ ആണ് സംസാരിക്കുന്നത് എന്നാണ്.
വിവാഹ മോചനങ്ങള്‍ കുറവായ ഏതെങ്കിലും ഒരു കൂട്ടത്തെ കാണിച്ചു തരാന്‍ നിങ്ങള്‍ക്കാകുമോ.എന്നെക്കാളും വേഗം അത്തരം കണക്കുകള്‍ ലഭ്യമാകുന്ന ഒരാളല്ലേ നിങ്ങള്‍. അതിന്‍റെ നിലവാരം എങ്ങനെ എന്ന് പരിശോധിച്ച് പറയൂ. ഇതൊരു പുതിയ പ്രതിഭാസം മാത്രമാണെന്നോ അതോ, സിനിമാ മേഖലയില്‍ മാത്രം ഉള്ളതാണ് എന്നോ പറയാന്‍ ആകുമോ?
പിന്നെ വിവാഹമോചനം എന്നത് പാടില്ലാത്ത ഒന്നാണ് എന്നോ, അത് പാപം ആണെന്നോ ഞാന്‍ കരുതുന്നില്ല. അതും ഒരു പോംവഴിയാണ്. ആവശ്യം ഉള്ളവര്‍ക്ക് അവരവരുടെ സൗകാര്യാനുസരണം തെരഞ്ഞെടുക്കാവുന്ന പല വഴികളില്‍ ഒന്നു മാത്രമല്ലേ അത് .
ഇത്ര ലളിതമാണോ കാര്യങ്ങള്‍ ?
    എന്നാരാണ് പറഞ്ഞത്? കാര്യങ്ങള്‍ നമുക്ക് ലളിതമാക്കാം, സങ്കീര്‍ണമാക്കാം. അത് ആ കാര്യം ചെയ്യുന്നയാളിന്‍റെയും അത് വീക്ഷിക്കുന്ന ആളിന്റെയും വീക്ഷണത്തില്‍ അല്ലെ നിര്‍വചിക്കപ്പെടുന്നത്.
    പക്ഷെ ഒന്നുണ്ട് , സങ്കീര്‍ണമായ ഒന്നിനെ ഒരിക്കലും ലളിതമായി അധികനേരം കാണാനാകില്ല. എന്നാല്‍ ലളിതമായതിനെ വളരെ എളുപ്പം സങ്കീര്‍ണമാക്കി കാണിക്കാനുമാകും .
 ചുരുക്കിപ്പറഞ്ഞാല്‍ ലളിതമായി ഒന്നുമില്ല എന്നല്ലേ ?
ലാളിത്യമെന്നത് ഓരോ പ്രശ്നങ്ങളെ സമീപിക്കുന്ന രീതിയിലാണ് സംഭവിക്കുന്നത് എന്ന് തോന്നുന്നു. അത് ചിന്തയുടെ ഉല്‍പ്പന്നമാണ്‌. കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണത്തിന്‍റെയും , കഴിയുന്നത്ര സുതാര്യമായ ചിന്തയുടെയും ഉല്‍പ്പന്നമല്ലേ ഈ ലാളിത്യം. അല്ലാതെ ഏതു പ്രശ്നമാണ് ലളിതമായി ഉള്ളത്.
 നമുക്ക് തുടക്കത്തില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിലേക്ക് തന്നെ മടങ്ങി വരാം. സിനിമാതാരങ്ങള്‍ക്കിടയിലേക്ക് തന്നെ വരാം. അവര്‍ക്ക് സമൂഹത്തോട് കടമകള്‍ ഒന്നുമില്ല എന്നാണോ?
    ഈ നിങ്ങള്‍ പറയുന്ന സിനിമാതാരങ്ങള്‍ എന്ന വര്‍ഗത്തെ എങ്ങനെയാണ് സമൂഹം കൈകാര്യം ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
    ഞാന്‍ ആദ്യം പറഞ്ഞ മിഥ്യാലോകം എന്നതിന്‍റെ മികച്ച ഒരു ഉദാഹരണം തന്നെയല്ലേ ഇതും.
    പണിക്കുറ്റങ്ങള്‍ ഒട്ടുമില്ലാത്ത മിഥ്യാലോകം , എത്ര നന്നായി സൃഷ്ടിക്കാം എന്നതില്‍ ജീവിതം സമര്‍പ്പിച്ചവരല്ലേ ഞങ്ങള്‍. ഓരോ നിമിഷത്തിലും അതിന്‍റെ ഗവേഷണത്തില്‍ അല്ലെ സിനിമയുടെ അണിയറക്കാര്‍.
    അത്തരം ഒരു ലോകത്തില്‍ ഞങ്ങളെ കണ്ട് ഞങ്ങളുടെ വ്യക്തിത്വത്തെ അളക്കുന്നവരല്ലേ നിങ്ങള്‍ ഉള്‍പ്പെടുന്ന ഈ  ലോകം. അങ്ങനെ ഒരു ലോകത്തിനു മുന്‍പില്‍ മാതൃകകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രം ജീവിതം ജീവിച്ചു തീര്‍ക്കുന്നതില്‍ എന്ത് മഹത്വമാണ് താങ്കള്‍ക്ക് പറയാനാകുക.
ഇത് താങ്കള്‍ ആദ്യം പറഞ്ഞ പ്രക്ഷകരുടെ മുന്‍പിലാണ് ജീവിച്ചതെന്നും , അവര്‍ക്ക് താങ്കളെ അറിയാമെന്നും പറഞ്ഞതുമായി എങ്ങനെ ഒത്തു പോകും.
ആ വാചകങ്ങളില്‍ എന്തെങ്കിലും അര്‍ത്ഥമുള്ളതായി താങ്കള്‍ക്ക് തോന്നിയോ, ഒരിക്കല്‍ കൂടി എടുത്തു ഉദ്ധരിക്കാന്‍ മാത്രം എന്തെങ്കിലും ഒരു മൂല്യം അതില്‍ അടങ്ങിയിട്ടുള്ളതായി താങ്കള്‍ക്ക് തോന്നുന്നുണ്ടോ. അത് നിങ്ങളെ പോലുള്ളവര്‍ക്കുള്ള  ഒരു മുന്‍നിര്‍മിത മറുപടി മാത്രമാണ്. അതിനുമപ്പുറം ഒന്നും നിങ്ങളോട് പറയാന്‍ പാടില്ല.
    അതൊരു സ്വയംപ്രതിരോധമാണ്, അത്രപോലും ബുദ്ധി പ്രയോഗിക്കാതെ എങ്ങനെ ഇവിടെ നിലനില്‍ക്കാനാകും.
ഒരു സിനിമയിലെ തന്നെ വാചകം കടം കൊണ്ട് ചോദിക്കട്ടെ ? അപ്പോള്‍ അന്‍പതു രൂപ ടിക്കറ്റ് എടുത്തു അലറി വിളിക്കുന്ന ജനക്കൂട്ടത്തിന്‍റെ ആവേശം നിങ്ങളെ പ്രലോഭിപ്പിക്കുന്നില്ല എന്നാണോ ?
    സിനിമ എന്നത് ഓരോരുത്തര്‍ക്കും ഓരോ വികാരമാണ്. തൊഴില്‍, ആത്മസംതൃപ്തി,അഭിനിവേശം,സാമൂഹികമായ കര്‍ത്തവ്യനിര്‍വഹണ ഉപാധി, തിരക്കിനിടയില്‍ ആശ്വാസം ലഭിക്കുന്ന രണ്ടര മണിക്കൂര്‍, സ്വപ്നലോകം, പരിപൂര്‍ണ സംതൃപ്തി എന്നിങ്ങനെ അനവധി നിരവധി വ്യാഖ്യാനങ്ങള്‍ സിനിമയ്ക്ക് നല്‍കാനാകും. ഈ കലാരൂപവുമായി ബന്ധപ്പെടാത്ത ഒരു ജനവിഭാഗത്തെയും നമുക്ക് കാണാനാകില്ല. ഇനി അഥവാ അങ്ങനെ ഒരു കൂട്ടമുണ്ടെങ്കില്‍ അവരെ നമുക്ക് സിനിമയ്ക്ക് ഒരു വിഷയമായി എങ്കിലും ഉപയോഗിക്കാം .
    മറ്റൊരു കലാരൂപത്തിനും ഇങ്ങനെ ഒരു രീതിയിലും ഒഴിവാക്കാന്‍ കഴിയാത്തത് എന്ന പ്രത്യേകത ഇല്ല തന്നെ.
    അതിനാല്‍ തന്നെ , ഇത്തരം പരസ്പരമുള്ള സഹകരണം അല്ലെങ്കില്‍ ബഹുമാനം എന്നതിനുമപ്പുറം ഒരു കടപ്പാട് വച്ച് പുലര്‍ത്തേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.
                                                                                         അവനവനിസം തുടരും..



അട്ടിമറി

അട്ടിമറിക്കുക എന്ന പ്രയോഗത്തിലൂടെ വിജയിച്ചവനെ ചെറുതാക്കി കാണിക്കുകയും , പരാജയപ്പെട്ടവന് പ്രാധാന്യമേറ്റുകയുമാണ് ചെയ്യുന്നത് .. അതിലൂടെ പ്രകടമാകുന്നത് ചെറിയവന്‍ ജയിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് ...

Wednesday, June 11, 2014

കാവല്‍ക്കാരന്‍

എനിക്കും നിനക്കും നമുക്കും ആവശ്യം
ഒരു കാവല്‍ക്കാരനെ മാത്രമാണ്

ദൈവത്തെ കൊണ്ടുള്ള നമ്മുടെ ആവശ്യവും
അത്ര മാത്രമേ യുള്ളൂ ..

കാത്തു കൊള്ളുക

കുഴികളില്‍ വീഴാതെ , കാലിടറാതെ , 
മുള്ളുകളില്‍ കാലു കയറാതെ 

ഞാന്‍ എന്ത് ചെയ്യുന്നു എന്ന് നോക്കരുത്
എന്നെ കാത്തു കൊള്ളുക

ഞാന്‍ എവിടെ പോകുന്നു എന്നു നോക്കരുത്
എന്നെ കാത്തു കൊള്ളുക

എന്നെ പഠിപ്പിക്കാന്‍ വരരുത്
ജസ്റ്റ്‌ കാത്തു കൊള്ളുക

എന്നെ ഉപദേശിക്കാന്‍ വരരുത്
ജസ്റ്റ് കാത്തു കൊള്ളുക 

ശരി തെറ്റ് എന്ന മിഥ്യകളില്‍ എന്നെ പോലെ 
നിനക്കും വിശ്വാസം അരുത്

എന്‍റെ ആവശ്യം , എന്‍റെ അഭിമാനം , എന്‍റെ വിശ്വാസം
ഇതിനെല്ലാമായുള്ള എന്‍റെ പ്രവര്‍ത്തികള്‍ ..
എല്ലാം ജസ്റ്റ് കാത്തു കൊള്ളുക ..



Tuesday, June 3, 2014

സമസ്യ

അനാഥ മുസ്ലിം കുഞ്ഞുങ്ങളെ യത്തീം ഘാനകള്‍  തന്നെ പോറ്റിയാല്‍ 
ചോദ്യം എന്തു കൊണ്ട് മുസ്ലീങ്ങള്‍ മാത്രമെന്ന്‍ ..

മറ്റു മതത്തിലെ  അനാഥരെ യത്തീം ഘാനകള്‍ പോറ്റിയാല്‍
 ചോദ്യം അതു മതപരിവര്‍ത്തനമല്ലേയെന്ന്‍ ..

പിന്നെ ചോദ്യം 75  പേര് കേറേണ്ടിടത്ത് 450  പേരു കേറിയതെങ്ങനെയെന്നാണ് 

കഴിഞ്ഞ തവണ കൂടി കായിക മേളയ്ക്ക് ഇതേ പോലത്തെ പിള്ളാരേ എങ്ങനെയാണ് കൊണ്ട് പോയതെന്ന്‍ അന്വേഷിക്കാത്തതെന്ത് എന്ന് മറു ചോദ്യം . എന്നിട്ട് ഒരു എം പി ഒരു ബോഗി അനുവദിച്ചപ്പോള്‍ കൂടി ഈ എണ്ണം ഒത്തു പോകുന്നില്ലായിരുന്നു എന്നത് മറ്റൊരു ഉത്തരം 

ഇനി ഇപ്പോഴത്തെ പ്രശ്നം ഒന്ന് അന്വേഷിച്ചു സത്യം കണ്ടെത്താമെന്നാണേല്‍ 
ചോദ്യം ആര് അന്വേഷിക്കും 

ഹിന്ദുത്വ വാദികള്‍ അന്വേഷിച്ചാല്‍ ശരിയാകുമോ

ലീഗ് ഭരിക്കുന്ന കേരള സര്‍ക്കാര്‍ അന്വേഷിച്ചാല്‍ ശരിയാകുമോ 

അത് ശരിയായാല്‍ തന്നെ  നായര് പ്രതിനിധിയും ആര്‍ എസ് എസ് മനസ്സ് എന്ന് കോണ്‍ഗ്രസ്സ് കാരു തന്നെ ആക്ഷേപിച്ചതുമായ  രമേശ്‌ മന്ത്രിക്ക് എങ്ങനെ ശരിയായി അന്വേഷിക്കാനാകും ...

ഇങ്ങനെയൊക്കെ ചോദിച്ചാല്‍ പിന്നെങ്ങനാ എന്നതും ഒരു ചോദ്യം .

വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നവര്‍ എല്ലാം സഹായ മനസ്കത മാത്ര മുള്ളവരല്ല ..

അതില്‍ ചിലര്‍ സ്വന്തം മതത്തിനു ആളെ ചേര്‍ക്കാന്‍ നടക്കുന്നവരാകും 
അതില്‍ ചിലര്‍ തന്‍റെ കള്ളത്തരങ്ങള്‍ക്ക്  കുട പിടിക്കുന്നവരാകും 

അത് കൊണ്ടൊക്കെ തന്നെ ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കുന്നവന്‍റെ തത്വശാസ്ത്രം ഭക്ഷണം വാങ്ങുന്നവനെ അസ്വസ്ഥമാക്കുന്നില്ല ..അവനു വിശപ്പ്‌ അകലണം .അത്ര മാത്രം , അതിനു ഹിന്ദുവാകാം , മുസ്ലീമാകാം , ക്രിസ്ത്യനും ആകാം .

വിശപ്പ്‌ മാറി ക്കഴിഞ്ഞാല്‍ , അടുത്ത നേരത്തിനു ഭക്ഷണം ഉറപ്പു വരുത്തിക്കഴിഞ്ഞാല്‍ അവനും പതിയെ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങും .

അതിനാല്‍ തന്നെ ഇതെല്ലാം സമസ്യ തന്നെ സമസ്യ 




Monday, May 19, 2014

ഒന്നേ ഒന്ന്‍ ..

ഒന്നിനെ, ഒന്നിനെ,
ഒന്നിനെ മാത്രമായ്
നാഴികയേതിലും  
ചേര്‍ത്തു നിര്‍ത്തി.

കൂട്ടുചേര്‍ന്നീടുവാനാകാത്ത
ഒന്നെന്ന, ചിന്തമേല്‍
നിമിഷങ്ങളടയിരുന്നു.

കുറ്റങ്ങള്‍, കുറവുകള്‍,
മാറിയ ദീര്‍ഘങ്ങ-
ളൊക്കെയും അക്കങ്ങളാലളന്നു.

എണ്ണിപ്പെറുക്കിയടുക്കീ
കുറവുകള്‍; എന്നിട്ടുമാ-
വേശ മുണര്‍ന്നു നിന്നു.

ഒന്നിന്‍റെ ഒന്നിന്‍റെ
ഒന്നിന്‍റെ യെന്നായി
ചിന്തകളെല്ലാം ഒന്നു മാത്രം.

ഒന്നിലെക്കങ്ങനെ
ചെന്നുലയിച്ചു ഞാന്‍
ഒന്നായൊഴുകിപ്പരന്നു നീങ്ങി

ഇന്നെനിക്കെല്ലാ
മറിയുന്നതൊന്നിനെ!
നല്ലതും ചീത്തയു-
മറിയുന്നതൊന്നിനെ!

Sunday, May 18, 2014

ഊഴവും കാത്ത്

വരികളോരോന്നും വായിക്കപ്പെടുവാന്‍ 
നേരമോരോന്നു വേണം സുനിശ്ചിതം!
ഊഴവും കാത്ത് അലമാരയിലടുക്കിലെ 
പുസ്തകക്കൂട്ടത്തിലൊന്നായിരുന്നിടാം

Saturday, March 22, 2014

ഗുണനിലവാരമുയർത്തൽ

ഐ പി എൽ മോഡലിൽ നമ്മു ടെ മാധ്യമ പ്രവർത്തകരെ ലേലത്തിനു വെക്കാൻ സംവിധാനം ഉണ്ടാക്കണം.

അങ്ങനെ അവർ ചെയ്യുന്ന തൊഴിലിനു ഭേദപ്പെട്ട കൂലി ലഭിക്കാൻ അവസരം ഒരുക്കണം.

മാധ്യമ മുതലാളിമാർക്ക്‌ കൂലിക്കെഴുത്തിനു അവർ ആഗ്രഹിക്കുന്ന തൊഴിലാളികളെ ലഭ്യമാക്കണം.

അങ്ങനെ മാധ്യമമുതലാളി മാർക്കു തങ്ങളുടെ ദല്ലാൾ പണി കൂടുതൽ കാര്യക്ഷമതയോടെ നിർവ്വഹിക്കാൻ അവസരം നൽകണം.

മരണം ചെയ്യും ഉപകാരം !!!

ആദ്യമായി ഈ ചിന്ത തോന്നിയത്‌ നന്നാട്ടുകാവിൽ ഒരു പ്രസവത്തിൽ പിറന്ന അഞ്ചു കുഞ്ഞുങ്ങളെ പോറ്റാൻ ആകാതെ ഒരു അഛൻ വിഷം കഴിച്ചു ആത്മഹത്യ ചെയ്ത പ്പോഴായിരുന്നു .
പിന്നെ അവരെ സഹായിക്കാൻ  ആളുകൾ എത്തി.

അന്നു മരണം ചെയ്യും ഉപകാരം ഓർത്തു.

ഇന്നിപ്പോൾ വീണ്ടും.

ജോസഫ്‌ സാറിനും മരണം ഗുണപ്പെട്ടെന്ന് ...

Thursday, March 6, 2014

ചില കോമാളികള്‍ക്ക് പിന്നില്‍


ശ്രീമാന്‍ ഇന്നസെന്റ് ഒരു ഒറ്റ ദിവസം കൊണ്ട് ചിലര്‍ക്ക്   കോമാളിയായി :)


ആ കോമാളിയെ ചാലക്കുടിയിലെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്  അതിലും വലിയ കോമാളിത്തരമായി വിലയിരുത്തപ്പെട്ടു .

ഒരു നൂറ്റി അറുപതു രൂപ മുടക്കാന്‍ മനസ്സുണ്ടെങ്കില്‍ ഈ കോമാളിയുടെ വേറൊരു മുഖം മനസിലാക്കാം ..ചിരിക്കു പിന്നില്‍ എന്ന പേരില്‍ ഒരു ആത്മകഥ അദ്ദേഹത്തിന്‍റെതായി പുറത്തു വന്നിട്ടുണ്ട് ..

വേണമെങ്കില്‍ അതൊന്നു വായിക്കാം, നിലവില്‍ ആ മനുഷ്യനോടുള്ള മാനസികാവസ്ഥ യ്ക്ക് ചിലപ്പോള്‍ മാറ്റം വന്നേയ്ക്കാം .

ഇടതുപക്ഷ വിമര്‍ശനത്തിന്റെ അടിത്തറയാക്കി മനോരമാദി പത്രങ്ങള്‍   കാത്തുസൂക്ഷിക്കുന്ന മതവും പാര്‍ട്ടിയും എന്ന വിഷയത്തിനു ജീവിതം കൊണ്ട് ഉത്തരം പറഞ്ഞവരെ അതില്‍ കാണാം .

ജീവിച്ചു പഠിച്ച ഒരു മനുഷ്യന്‍റെ കണ്ടെത്തലുകള്‍ കാണാം ...

അങ്ങനെ പലതും ..

പിന്നെ ഒരു നേതാവ് എന്ന നിലയില്‍ . 

സിനിമ എന്ന മായികലോകത്തിലെ, വില പിടിപ്പുള്ള ഒരു കൂട്ടം  താരങ്ങളെ എത്രയോ വര്‍ഷമായി അച്ചടക്കത്തോടെ നിയന്ത്രിച്ചു കൊണ്ട് പോകുന്ന ഒരു വ്യക്തി . 

വാല്‍കഷണം: ചലച്ചിത്ര ലോകത്ത് നിന്ന് രാഷ്ട്രീയത്തില്‍ ക്ലച്ചു പിടിച്ച ഒരേ ഒരാളെ ഉള്ളൂ.. ശ്രീ ഗണേശ് കുമാര്‍ . എന്തായാലും അദ്ദേഹത്തിന് ഉള്ള അത്രയും  'ക്വാളിഫിക്കേഷന്‍' ശ്രീമാന്‍ ഇന്നസെന്റിനു ഇല്ല തന്നെ .പിന്നെ ജനങ്ങളുടെ വോട്ടു നേടാന്‍ അത്രയും ഗുണഗണങ്ങള്‍ വേണമെങ്കില്‍ :( 

Friday, February 21, 2014



ഞാന്‍ ഒരു തീരുമാനമെടുത്താല്‍ പിന്നെ
ചിലപ്പോള്‍ എന്‍റെ വാക്ക് കൂടി
ഞാന്‍ കേള്‍ക്കില്ല..

വിജയ്‌ പോക്കിരി സിനിമയില്‍  പറഞ്ഞ  ഈ വര്‍ത്തമാനം വളരെ വലിയ ശരിയാണ് ..

ചിലപ്പോഴൊക്കെ നമ്മുടെ ഏറ്റവും വലിയ ശത്രു നമ്മുടെ മനസ്സാണ് .ഏറ്റവും വലിയ ചതിയനും .വിശ്വസിക്കാന്‍ കൊള്ളാത്ത നമ്മുടെ മനസ്സിനെ ജയിക്കാന്‍ ഇങ്ങനെ ചില തപസ്സുകള്‍ അനിവാര്യം !!




ഒരു ഉപഭോക്താവിന്‍റെ താല്പര്യം ..

കറിവേപ്പില , വേശ്യകള്‍ , മാധ്യമപ്രവര്‍ത്തകര്‍
ഈ മൂന്നിനങ്ങളേയും ഒരു ഗ്രൂപ്പില്‍ പെടുത്താമെന്ന് ഒടുവില്‍ എത്തിച്ചേര്‍ന്ന   നിഗമനം..

ഇത് ഒരു ഉപഭോക്താവിന്‍റെ തലത്തില്‍ നിന്നുള്ള ചിന്തയുടെ ഉല്‍പ്പന്നം...

Saturday, February 15, 2014

നിങ്ങള്‍ക്കെങ്ങനെ അത് കഴിയും

നിങ്ങള്‍ ഒരു  സത്യസന്ധനാണെന്ന് ഉറക്കെ പറയുക .
അപ്പോള്‍ മുതല്‍ നിങ്ങള്‍ നിരീക്ഷണത്തിലായിരിക്കും.

നിങ്ങള്‍ അങ്ങനെ അല്ല എന്ന് നിങ്ങളെ കൊണ്ട് തന്നെ 
പറയിപ്പിക്കുന്നത് വരെ ഈ ലോകം കഠിനാധ്വാനത്തിലായിരിക്കും. 

Friday, February 14, 2014

അഭിവാദ്യങ്ങള്‍ ശ്രീ കേജ്രിവാള്‍

രാജിയും ഒരു വിപ്ലവപ്രവര്‍ത്തനമാണ് . 

അഭിവാദ്യങ്ങള്‍ ശ്രീ കേജ് രിവാള്‍ . 

സന്തോഷം തോന്നുന്ന ഒരു കാര്യം  താങ്കളും ഒരു നല്ല രാഷ്ട്രീയക്കാരനായി പ്രവര്‍ത്തിക്കുന്നു എന്നതാണ്. 

ഒന്നും ആര്‍ക്കും ഒരു കുടുംബത്തിനും എഴുതി കൊടുത്തിട്ടില്ല. രാഷ്ട്രീയ നാടകവും അടവ് നയങ്ങളും ഒന്നും ആരുടേയും കുത്തകയുമല്ല.
അങ്ങനെ  ചില സര്‍ക്കസ്സുകള്‍ നടത്താതെ ആര്‍ക്കും ഇവിടെ ഭരണാധികാരിയായി വാഴാനും ആകില്ല.

ജനാധിപത്യത്തില്‍ വിശ്വസിച്ചു ഇന്ത്യന്‍ ഭരണഘടനയെ പൂര്‍ണമായും വിശ്വാസത്തിലെടുത്തു യാതാര്‍ത്ഥ്യ ബോധത്തോടെ തികഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞതയോടെ കൌശലതയോടെ പ്രവര്‍ത്തിക്കുവാനും അതിലൂടെ താങ്കള്‍ ഇന്നും ആവേശത്തോടെ ആവര്‍ത്തിച്ച ലക്‌ഷ്യം കൈവരിക്കാന്‍ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു .

രാഷ്ട്രീയമെന്നാല്‍ എന്തോ അമേധ്യം പുരണ്ട ഒന്നാണെന്നും നിലവിലെ പ്രഖ്യാപിത രാഷ്ട്രീയക്കാര്‍ ആ അമേധ്യത്തില്‍ ആറടി നടക്കുന്നവര്‍ ആണെന്നും ഒക്കെ അങ്ങ് വിശ്വസിച്ചു വശായ കുറെ പേര്‍ ശ്രീ കേജ്രിവാള്‍ ദേവലോകത്ത്‌ നിന്നും വന്ന ഒരു മഹാന്‍ ആണെന്നും അദ്ദേഹം ഭരിക്കാന്‍ വരുമ്പോള്‍ 
മറ്റെല്ലാവരും വഴിയൊഴിഞ്ഞു അദ്ദേഹത്തെ ഭരിക്കാന്‍ വിടണമെന്നും അതിലൂടെ ഇവിടെ സ്വര്‍ഗ്ഗരാജ്യം കൈവരും എന്നൊക്കെ ആഗ്രഹിച്ചു മൂഡസ്വര്‍ഗത്തില്‍ ജീവിക്കുന്നവര്‍ ഇവിടെ വിലാപവുമായി എത്തും. 

ഇതേ ഇവര്‍ തന്നെയായിരുന്നു , ഇവിടുത്തെ ഒരു ഭരണാധികാരിക്ക് ആകര്‍ഷണം തോന്നി വിവാഹം കഴിച്ചു എന്ന ഒറ്റക്കാരണത്താല്‍ മാത്രം ഒരു സ്ത്രീക്കും മക്കള്‍ക്കും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കാല്‍ക്കീഴില്‍ അടിയറവു വെച്ച്പ്പോഴും, ഒരു ജനത എന്ന രീതിയിലുള്ള ഒരു അവകാശങ്ങളും കവര്‍ന്നു ഇല്ലാതെയാക്കിയപ്പോഴും ശവങ്ങളെ വെല്ലുന്ന നിസംഗതയില്‍ അടയിരുന്നത്.

എന്തൊക്കെയായാലും കോണ്‍ഗ്രസ്സും ബി ജെ പിയും ഒരേ സ്വരത്തില്‍ ശ്രീ കേജ്രിവാളിനെ  ആക്രമിക്കുന്നത് ഇന്നത്തെ ചാനലുകളിലെ വിലപ്പെട്ട കാഴ്ചയായിരുന്നു .ഇന്ന് മുതല്‍ അവര്‍ക്ക് ഒരു എതിരാളിയെ അനുഭവപ്പെട്ടതായി തോന്നി. അങ്ങനെ ഒരു ദേശീയ നേതാവ് കൂടി ജനിച്ചു....