Sunday, September 15, 2013


ചെരുപ്പ് ഉപയോഗിക്കാന്‍ ഇഷ്ടക്കേട് ഉണ്ടായിട്ടല്ല

പക്ഷെ കാലില്‍ നിന്നും ചെളിമണ്ണ്‍ കഴുകുന്നതില്‍ നിന്നും 
 എത്രയോ പ്രയാസമാണ്  
ചെരുപ്പില്‍ നിന്നും  ചെളിമണ്ണ്‍ കഴുകി മാറ്റുന്നത് .. 

Monday, September 9, 2013

നിന്നെക്കുറിച്ചോര്‍ത്തു ദു:ഖിക്കാനുള്ള അവകാശം !!!

നമ്മുടെ തല്ലുകൂടലില്‍ ഏറ്റവും ഭീകരമായത്
നിന്നെ കുറിച്ചോര്‍ത്തു ദുഖിക്കുന്നതില്‍ എനിക്കുള്ള
അവകാശത്തെ ചൊല്ലിയായിരുന്നെന്നതാണ്
ഇന്നത്തെ ഏറ്റവും വലിയ കൗതുകം

അന്ന് നാവില്‍ ഉപ്പുരസം പുരണ്ട് പുറത്തേക്കു വന്ന
വാക്കുകള്‍, ഗ്രന്ഥശാലയില്‍ അടുക്കി വെച്ച
പ്രണയപുസ്തകത്തിന്‍റെ മധുരമായ അധ്യായമായി
വാഴ്ത്തപ്പെടാന്‍ സാധ്യത കല്പ്പിക്കുന്നതാകണം

ലേബല്‍:"::- _ കാലം തെറ്റി , പ്രണയിക്കാന്‍ ഒരു അവസരം കിട്ടിയതിന്‍റെ കുത്തിക്കഴപ്പ്.

Sunday, September 8, 2013

തരം തിരിവ് എന്നാല്‍ തരം പോലെ തിരിക്കുക

തരം തിരിവ്  എന്നാല്‍ തരം പോലെ തിരിക്കുക 

ഓരോ ക്ലാസ്സിലെയും കുട്ടികളെ വര്‍ഷാവസാന പരീക്ഷയിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് അനുസരിച്ച് ഡിവിഷനുകള്‍ തരം തിരിക്കുക, അങ്ങനെ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ളവര്‍ ഒരു ഡിവിഷന്‍ . ഏറ്റവും കുറഞ്ഞ മാര്‍ക്കുള്ളവര്‍ ഒരു ഡിവിഷന്‍

അങ്ങനെ ക്ലാസ്സില്‍ കയറും മുന്‍പ് തന്നെ ഓരോ ഡിവിഷനുകളെ കുറിച്ചും മുന്‍വിധികള്‍ . അധ്യാപകര്‍ക്ക് മോശം കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സിനെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ അവജ്ഞയും , അവഗണനയും ..

അങ്ങനെ പഠനനിലവാരം ഉയര്‍ത്താമെന്ന പൊളി വാദങ്ങള്‍ എഴുന്നെള്ളിച്ചു മൂഡമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്ന സ്വകാര്യ സ്കൂളുകള്‍ .

ഇവിടെയൊക്കെ കുറച്ചെങ്കിലും ഉത്തരവാദിത്തം കാട്ടേണ്ടത്‌ ഈ തരം താഴ്ത്തപ്പെട്ട കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരാണ് ..ഈ വിവരക്കേടിനെതിരെ അവരാണ് പ്രതികരിക്കേണ്ടത് .

 നേരിട്ട് അറിയാവുന്ന ഒരു പള്ളിക്കൂടത്തിലെ ഈ രീതിയെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ സ്ഥലത്തെ മറ്റു പല സ്വകാര്യ സ്കൂളുകളും ഈ രീതിയാണ് പിന്തുടരുന്നത്.

തന്തയും തള്ളയും കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത് , ചെറു പ്രായത്തില്‍ തന്നെ വന്നു ഭവിക്കുന്ന ഇത്തരം അപമാനങ്ങളില്‍ നിന്നുള്ള മോചനമാണ്.   അല്ലാതെ,  അപകര്‍ഷതാ ബോധത്തിന്‍റെ പടുകുഴിയിലേക്കു മാസമാസം നല്ലൊരു തുക ഫീസായി നല്‍കി , തന്‍റെ കടമ കഴിഞ്ഞു എന്ന് ഊറ്റം കൊള്ളുകയല്ല വേണ്ടത് .

Monday, September 2, 2013

മാതൃകാദാമ്പത്യം


വീരസ്യമാണോ..അതോ വീരവാദങ്ങളാണോ.
ഒരു ദാമ്പത്യം കൊടിയേറുമ്പോള്‍ ഒരു പുരുഷനില്‍
കെട്ടിയാടുന്നത് . അതോ അതൊക്കെ കെട്ടിയേല്‍പ്പിക്കുന്നതാണോ

കെട്ടിഘോഷിക്കപ്പെടുന്ന കുടുംബസങ്കല്പം പിന്നെ ഓരോ
ദിനങ്ങളിലും അരങ്ങുതകര്‍ക്കുമ്പോള്‍
വീരസ്യമോ വീരവാദമോ എങ്ങനെ രൂപാന്തരപ്പെടുന്നു ..

പിന്നെ കേള്‍ക്കാം എനിക്ക് മുമ്പേ ആകേണമേ..
ഞാനില്ലാതെ എങ്ങനെയദ്ദേഹം ...................

ആ പ്രാര്‍ത്ഥന വിഫലമാകുന്ന ഒന്നു കൂടി ഇന്നു കണ്ടു..
ചിന്ത കൂടുകെട്ടിത്തുടങ്ങും മുന്‍പ് ആ വാര്‍ത്ത
അറിയിച്ച അമ്മയുടെ കൂട്ടിചേര്‍ക്കല്‍

“ ആ കട്ടിലില്‍ അയാള് വിളിച്ചു പൊടിക്കണ്
ആരൊക്കെയോ ബലപ്പിച്ച് പിടിച്ചിട്ടും ഒക്കണില്ല”