Saturday, November 9, 2013

പരീക്ഷ എന്ന പരീക്ഷ

തലസ്ഥാന ജില്ലയില്‍ അപേക്ഷിച്ച എല്ലാപേര്‍ക്കും നാലഞ്ചു ജില്ലകളിലായി പരീക്ഷ. ഒരു ദിശയില്‍  മാത്രം സഞ്ചരിക്കേണ്ടതിനാല്‍ ദൂരവും ഏറെ . എന്തുകൊണ്ട് ഈ പരീക്ഷ ഒരു ഘട്ടമായി തന്നെ നടത്തണമെന്ന് പി എസ് സി വാശി കാണിക്കുന്നു . 

നോട്ടിഫിക്കേഷന്‍ സമയം മുതല്‍ ഇതിന്‍റെ ഫലം പുറപ്പെടുവിക്കുന്നത് വരെ ആവശ്യത്തിനു സമയം പി എസ് സി എടുക്കുന്നില്ലേ ? . ഈ പരീക്ഷയുടെ ഫലം പോലും 2015 ല്‍ ആണു പുറത്തുവരുക എന്നറിയുന്നു . എന്നിട്ട് എന്തുകൊണ്ട് ഈ പരീക്ഷ രണ്ട് ഘട്ടമായി നടത്തി പരീക്ഷ കേന്ദ്രങ്ങള്‍ രണ്ട് ജില്ലകളില്‍ ഒതുക്കാന്‍ എങ്കിലും ശ്രമിക്കുന്നില്ല?  

അതോ സര്‍ക്കാര്‍ ജോലി എന്നത് എന്നത്തേക്കാളും വിലപ്പെട്ട ഒന്നായി മാറിയതിന്‍റെ ഗര്‍വ്വ്‌ കാട്ടുന്നതാണോ? .

അതോ കെ എസ് ആര്‍ ടി സി , മറ്റു സ്വകാര്യവാഹനങ്ങള്‍ , വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയ്ക്കൊക്കെ വരുമാനം ഉണ്ടാക്കികൊടുക്കുക എന്നതും പി എസ് സി യുടെ 'സര്‍വ്വീസി' ല്‍ പെടുന്നതാണോ?

'പൂരത്തിരക്ക്' എന്ന് പത്രങ്ങള്‍ എഴുതിയ അവസ്ഥയെ അതിജീവിച്ചു കിട്ടിയ വാഹനങ്ങളില്‍ ഓരോ 'ഇടങ്ങളിലെ' കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ സമയം ഒന്നര കഴിഞ്ഞു എന്നതിനാല്‍  പൂട്ടിയിട്ട ഗേറ്റുകള്‍ കണ്ടു മടങ്ങേണ്ടി വന്നവരെ കണ്ടാല്‍ പി എസ് സി ക്കു എന്തെങ്കിലും തരത്തിലുള്ള 'കുളിര്' വരുമോ ?

ഇന്നത്തെ അധികാരികള്‍ വിവേകപൂര്‍ണമായ  തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്താല്‍ ,  ഈ പ്രക്രിയയിലൂടെ ജോലി നേടുന്നവര്‍ക്ക് തങ്ങളുടെ പിന്‍തലമുറകളോടും വിവേകപൂര്‍ണമായി ഇട പെടാന്‍ മനസ്സുണ്ടാകും ..

Sunday, September 15, 2013


ചെരുപ്പ് ഉപയോഗിക്കാന്‍ ഇഷ്ടക്കേട് ഉണ്ടായിട്ടല്ല

പക്ഷെ കാലില്‍ നിന്നും ചെളിമണ്ണ്‍ കഴുകുന്നതില്‍ നിന്നും 
 എത്രയോ പ്രയാസമാണ്  
ചെരുപ്പില്‍ നിന്നും  ചെളിമണ്ണ്‍ കഴുകി മാറ്റുന്നത് .. 

Monday, September 9, 2013

നിന്നെക്കുറിച്ചോര്‍ത്തു ദു:ഖിക്കാനുള്ള അവകാശം !!!

നമ്മുടെ തല്ലുകൂടലില്‍ ഏറ്റവും ഭീകരമായത്
നിന്നെ കുറിച്ചോര്‍ത്തു ദുഖിക്കുന്നതില്‍ എനിക്കുള്ള
അവകാശത്തെ ചൊല്ലിയായിരുന്നെന്നതാണ്
ഇന്നത്തെ ഏറ്റവും വലിയ കൗതുകം

അന്ന് നാവില്‍ ഉപ്പുരസം പുരണ്ട് പുറത്തേക്കു വന്ന
വാക്കുകള്‍, ഗ്രന്ഥശാലയില്‍ അടുക്കി വെച്ച
പ്രണയപുസ്തകത്തിന്‍റെ മധുരമായ അധ്യായമായി
വാഴ്ത്തപ്പെടാന്‍ സാധ്യത കല്പ്പിക്കുന്നതാകണം

ലേബല്‍:"::- _ കാലം തെറ്റി , പ്രണയിക്കാന്‍ ഒരു അവസരം കിട്ടിയതിന്‍റെ കുത്തിക്കഴപ്പ്.

Sunday, September 8, 2013

തരം തിരിവ് എന്നാല്‍ തരം പോലെ തിരിക്കുക

തരം തിരിവ്  എന്നാല്‍ തരം പോലെ തിരിക്കുക 

ഓരോ ക്ലാസ്സിലെയും കുട്ടികളെ വര്‍ഷാവസാന പരീക്ഷയിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് അനുസരിച്ച് ഡിവിഷനുകള്‍ തരം തിരിക്കുക, അങ്ങനെ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ളവര്‍ ഒരു ഡിവിഷന്‍ . ഏറ്റവും കുറഞ്ഞ മാര്‍ക്കുള്ളവര്‍ ഒരു ഡിവിഷന്‍

അങ്ങനെ ക്ലാസ്സില്‍ കയറും മുന്‍പ് തന്നെ ഓരോ ഡിവിഷനുകളെ കുറിച്ചും മുന്‍വിധികള്‍ . അധ്യാപകര്‍ക്ക് മോശം കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സിനെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ അവജ്ഞയും , അവഗണനയും ..

അങ്ങനെ പഠനനിലവാരം ഉയര്‍ത്താമെന്ന പൊളി വാദങ്ങള്‍ എഴുന്നെള്ളിച്ചു മൂഡമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്ന സ്വകാര്യ സ്കൂളുകള്‍ .

ഇവിടെയൊക്കെ കുറച്ചെങ്കിലും ഉത്തരവാദിത്തം കാട്ടേണ്ടത്‌ ഈ തരം താഴ്ത്തപ്പെട്ട കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരാണ് ..ഈ വിവരക്കേടിനെതിരെ അവരാണ് പ്രതികരിക്കേണ്ടത് .

 നേരിട്ട് അറിയാവുന്ന ഒരു പള്ളിക്കൂടത്തിലെ ഈ രീതിയെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ സ്ഥലത്തെ മറ്റു പല സ്വകാര്യ സ്കൂളുകളും ഈ രീതിയാണ് പിന്തുടരുന്നത്.

തന്തയും തള്ളയും കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത് , ചെറു പ്രായത്തില്‍ തന്നെ വന്നു ഭവിക്കുന്ന ഇത്തരം അപമാനങ്ങളില്‍ നിന്നുള്ള മോചനമാണ്.   അല്ലാതെ,  അപകര്‍ഷതാ ബോധത്തിന്‍റെ പടുകുഴിയിലേക്കു മാസമാസം നല്ലൊരു തുക ഫീസായി നല്‍കി , തന്‍റെ കടമ കഴിഞ്ഞു എന്ന് ഊറ്റം കൊള്ളുകയല്ല വേണ്ടത് .

Monday, September 2, 2013

മാതൃകാദാമ്പത്യം


വീരസ്യമാണോ..അതോ വീരവാദങ്ങളാണോ.
ഒരു ദാമ്പത്യം കൊടിയേറുമ്പോള്‍ ഒരു പുരുഷനില്‍
കെട്ടിയാടുന്നത് . അതോ അതൊക്കെ കെട്ടിയേല്‍പ്പിക്കുന്നതാണോ

കെട്ടിഘോഷിക്കപ്പെടുന്ന കുടുംബസങ്കല്പം പിന്നെ ഓരോ
ദിനങ്ങളിലും അരങ്ങുതകര്‍ക്കുമ്പോള്‍
വീരസ്യമോ വീരവാദമോ എങ്ങനെ രൂപാന്തരപ്പെടുന്നു ..

പിന്നെ കേള്‍ക്കാം എനിക്ക് മുമ്പേ ആകേണമേ..
ഞാനില്ലാതെ എങ്ങനെയദ്ദേഹം ...................

ആ പ്രാര്‍ത്ഥന വിഫലമാകുന്ന ഒന്നു കൂടി ഇന്നു കണ്ടു..
ചിന്ത കൂടുകെട്ടിത്തുടങ്ങും മുന്‍പ് ആ വാര്‍ത്ത
അറിയിച്ച അമ്മയുടെ കൂട്ടിചേര്‍ക്കല്‍

“ ആ കട്ടിലില്‍ അയാള് വിളിച്ചു പൊടിക്കണ്
ആരൊക്കെയോ ബലപ്പിച്ച് പിടിച്ചിട്ടും ഒക്കണില്ല”

Sunday, August 25, 2013

മാംസമേതായാലും ഭക്ഷണം നന്നായാൽ മതി.

മാംസമേതുമാകട്ടെ , അത് രുചികരമായ വിഭവമാക്കി തീൻ മേശകളിലെത്തിക്കാൻ മസാലകൾ. 

ചില തന്ത്രപ്രധാന മേഖല കൾക്ക് മാത്രം പ്രാപ്യമായത് ഇപ്പോൾ നിങ്ങളുടെ  മുൻപിലേക്ക് .

വിഭവങ്ങളുടെ രുചികൾ നിങ്ങളെ ഉന്മത്തരും ആത്മവിശ്വാസമുള്ളവരുമാക്കുന്നു. 

നിങ്ങളുടെ കർമപഥങ്ങളിൽ  തടസ്സമായി നിന്നിരുന്ന , നിങ്ങൾക്കും അതിലുപരി സമൂഹത്തിലെ മറ്റു ചിലർക്കും അസ്വസ്ഥത സൃഷ്ടിച്ചിരുന്ന പല പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ഈ മസാലയിലൂടെ ഉറപ്പുതരുന്നു .

ഇന്നു തന്നെ ഈ കാലഘട്ടം കാത്തിരുന്ന മസാലയുടെ ഗുണഭോക്താവാകൂ.

പ്രായോഗികതാ വാദങ്ങളുടെ അപാരസാധ്യതകൾ തിരിച്ചറിയൂ..

Saturday, June 8, 2013

നമ്മുടെ സമൂഹത്തിനു മൂല്യച്യുതി വന്നു എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ,
അതിനു കാരണം അന്വേഷിക്കുന്നു എങ്കിൽ 
കേരളത്തിൽ പ്രചാരമുള്ള പത്രവും ഏറ്റവും പ്രചാരമുള്ള ചാനലും പരതുക 
നിങ്ങൾ എന്നെ ശ്രദ്ധിക്കുന്നില്ല എന്നത് എന്നെ എത്രമാത്രം സ്വതന്ത്രനാക്കുന്നു എന്നത് പോലെ 
അപകടകരമാണ് രാഷ്ട്രീയക്കാരോടും രാഷ്ട്രീയത്തോടും കാണിക്കുന്ന താല്പര്യക്കുറവും ..

Tuesday, May 28, 2013

ശ്രേഷ്ഠമലയാള ദിനത്തില്‍ ശ്രേഷ്ഠമായത്...

മലയാള ഭാഷ ഇന്ത്യയിലെ ശ്രേഷ്ടമായ അഞ്ചു ഭാഷകളിൽ  ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിലെ സന്തോഷത്തിനു കൂടുതൽ തിളക്കം ആ പദവി കൈവന്നതിലൂടെ മലയാളഭാഷയുടെ  സംരക്ഷണം നടത്തുന്ന കമ്മറ്റിക്കാർക്ക്  നൂറു കോടി രൂപ ധനസഹായം കിട്ടും എന്നതാണ്. എന്തായാലും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് നമസ്കാരം പറയുന്നു,  കാരണം മേൽ പറഞ്ഞ , പദവി കൊടുക്കാൻ അധികാരമുള്ള ആൾക്കൂട്ടത്തിന് മുൻപിൽ മലയാളത്തിനു, നിയമം ആവശ്യപ്പെടുന്ന അത്രയും പഴക്കം തോന്നിപ്പിച്ചു, ആ ആൾക്കൂട്ടത്തിന്റെ ശ്രദ്ധ വേഗം  പതിയുന്ന പുതപ്പിൽ  മലയാളത്തെ പൊതിഞ്ഞു സമർപ്പിക്കാൻ വേണ്ടപ്പെട്ടവർ നടത്തിയ ശ്രമങ്ങളെ എന്റെ  മനസ്സിലുള്ള    പരിഹാസരസം കൊണ്ട് വില കുറച്ചു കാണാൻ ഞാൻ താല്പര്യപ്പെടുന്നില്ല. കാരണം അവരിൽ  ഭൂരിഭാഗം  പേർക്കും    ഈ ലക്‌ഷ്യം ഒരു വിലപ്പെട്ട  സ്വപ്നം കൂടിയായിരുന്നു . 

യാദൃശ്ചികമായിരിക്കാം, പ്രവാസി ജീവിതത്തിൽ തിളച്ചു  മറിഞ്ഞ സ്വദേശസ്നേഹവും , സ്വഭാഷാസ്നേഹവും ഇപ്പോൾ നാട്ടിലെ  മേടച്ചൂടിൽ പോലും തണുത്തുറഞ്ഞു കട്ടിയാകുന്നതു നോക്കി തരിച്ചിരിക്കെ, നിർബന്ധിതമായിരുന്നെങ്കിൽ കൂടി രാവിലെ വീട്ടിനടുത്തെ സർക്കാർ പള്ളിക്കൂടത്തിൽ , തല്പരകക്ഷികളോടൊപ്പം പുതു തലമുറ ആക്ടിവിസം കുടികൊള്ളുന്ന ഫേസ്ബുക്ക് കൂട്ടായ്മ യുടെ   വിലാസത്തിൽ ,  ഞങ്ങൾക്കീ നാട്ടിലെ ഈ പള്ളിക്കൂടം നിലനിന്നു കാണണം എന്നാഗ്രഹമുണ്ടെന്നും അതിനു ഞങ്ങളാൽ ആകുന്നതു ചെയ്യാൻ താല്പര്യമുണ്ടെന്നു അറിയിച്ചത്.

പത്തുമണിച്ചൂടില്‍ സമീപത്തെ പുരയിടത്തിലെ റബര്‍മരത്തണലില്‍ നുരഞ്ഞുപതഞ്ഞ തമാശയുടെ  ആവര്‍ത്തനമായിരുന്നു പ്രധാനഅധ്യാപകനില്‍  നിന്നുണ്ടായ  ആവശ്യവും. "ഇവിടെ ഇപ്പോള്‍ആവശ്യം കുറച്ചുകുട്ടികളെയാണ് , മറ്റെല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട് . ഇനി അഥവാ അങ്ങനെ എന്തെങ്കിലും കുറവുണ്ടെങ്കില്‍ തന്നെ അത് ചൂണ്ടിക്കാണിച്ചാല്‍  പരിഹരിക്കാവുന്നതെ യുള്ളൂ ".
കൂട്ടത്തില്‍  കുട്ടിയുള്ള ആള്‍ ഞാന്‍മാത്രവും ആ കുട്ടിക്കാണേല്‍ എഴുതാനോ വായിക്കാനോ അക്ഷരം തിരിച്ചറിയാനോ ഉള്ള അവകാശം പതിച്ചു കിട്ടാത്തയാളും ആയതിനാല്‍ എന്‍റെ സംഘത്തിനു സര്‍ക്കാര്‍സ്കൂളിലേക്ക് കുട്ടികളെ അയക്കാന്‍ തയ്യാറാകാത്ത നിലവിലെ കാലഘട്ടത്തിന്‍റെ മനസില്ലായ്മയെകുറിച്ച് വാചാലരാകാന്‍ തെല്ലും ബുദ്ധിമുട്ട്  ഉണ്ടായില്ല.

വായിച്ചും  അറിഞ്ഞും  മനസ്സിലാക്കിയും  ശരിയെന്നുറപ്പിച്ച സിദ്ധാന്തം - നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റത്തിന്  ആദ്യം  നമ്മള്‍ മാറുകയെന്നും , നല്ല രീതികള്‍ നടപ്പിലാകാന്‍  സ്വയം മാതൃകയാകണമെന്നുമുള്ള ശരിയായ സിദ്ധാന്തം അവിടെ നടന്ന വര്‍ത്തമാനത്തിനിടയിലേക്ക് തിരുകി വെയ്ക്കുമ്പോള്‍ മനസ്സില്‍ തേടിയത്  സ്വയം മാതൃകയാകാനുള്ള കരുത്താണ് .

ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ പലതും, മേല്‍പ്പറഞ്ഞ കരുത്തില്ലായ്മയില്‍ നടപ്പിലാക്കാനാകാതെ വരുകയും വൈകി, ആ തീരുമാനം നടപ്പിലാകേണ്ടിയിരുന്നതിന്‍റെ  അനിവാര്യത ബോധ്യപ്പെടുമ്പോള്‍ മനസ്സില്‍ നിറയുന്ന നിരാശ , അത് അറിഞ്ഞു മടുത്തിരിക്കുന്നു.

കാശ്, പുസ്തകം ,ഭക്ഷണം , കുട , പുസ്തകസഞ്ചി ഇവയ്ക്കെല്ലാമപ്പുറം , മറ്റൊന്നിനുമാകാത്തതിനാല്‍ ഇവിടെയെത്തപ്പെട്ട , ഒരു രക്ഷാകര്‍ത്തൃയോഗം വിളിച്ചാല്‍ സ്വബോധത്തില്‍ പങ്കെടുക്കാന്‍ കൂടി കഴിവുകെട്ട രക്ഷിതാക്കളുള്ള  നൂറ്റിയിരുപതോളം മാത്രം വരുന്ന കുട്ടികളുടെ അഭിമാനത്തിനും  അന്തസ്സിനും ഒരു കൈത്താങ്ങായിരിക്കണം ഈ ശ്രേഷ്ഠഭാഷ പതിച്ചു കിട്ടിയ ദിനത്തില്‍ വന്നു ഭവിച്ച  ഉദ്യമത്തിന്‍റെ  ഉല്‍പ്പന്നമെന്ന് നിശ്ചയമുണ്ട്.


ഹരിത.വി. കുമാര്‍
കെട്ടുകാഴ്ച്ചകളില്‍  ദുഖവും, പി ന്നെ സഹതാപവും പരിഹാസവുമൊക്കെയായ  വികാരങ്ങള്‍ പൂശി ഈ ലോകത്തില്‍ നിന്നുതന്നെ ഒളിച്ചു മാറി കഴിയുന്നതാണ് ഭേദമെന്ന തോന്നലിന്‍റെ ഭീകരതയില്‍, അതിന്‍റെ  ഇരുള്‍ മൂടിയ ഭാഗിക അന്ധകാരത്തിന്‍റെ അസ്വസ്ഥതയില്‍  സംഭവിച്ച  ശുദ്ധമായ വെളിച്ചമായിരുന്നു  ഹരിത വി കുമാര്‍.

അനുകരണത്തിന്‍റെ മടുപ്പിക്കുന്ന കെട്ടുപാടുകള്‍ ക്കിടയില്‍  സ്വയം വരിഞ്ഞുമുറുകി യിരുന്ന മലയാളിക്ക് ആത്മവിശ്വാസത്തിന്‍റെ ഒരു നെടുവീര്‍പ്പുകൂടി  ആയിരുന്നിരിക്കണം  ഹരിത വി കുമാര്‍.

:-മേയ് മാസം 23 ന് ചന്തവിള ഓണ്‍ലൈന്‍ ഫെസ്ബൂക്ക് ഗ്രൂപ്പ് പ്രതിനിധിയായി , ചന്തവിള യു പി  എസ് ഹെഡ് മാസ്റ്ററുമായി കൂടിക്കാഴ്ച   നടത്തി . വിദ്യാര്‍ഥികളുടെ കുറവ്, അവര്‍ക്ക് നല്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഫെസ്ബുക്ക് കൂട്ടായ്മയുടെ താല്പര്യങ്ങള്‍ ഹെഡ് മാസ്റ്ററെ അറിയിച്ചു.

Wednesday, January 30, 2013

തുറന്നു പറച്ചില്‍//

 വികാരമെന്താ, വിചാരമെന്താ.
എന്നോട് തുറന്നു സംസാരിക്കൂ 
എന്നെന്‍റെയാവശ്യം
ആവശ്യത്തിനു  കാലങ്ങളുടെ 
പഴക്കമെത്തിയപ്പോള്‍
എന്നോട് തുറന്നു തന്നെ സംസാരിച്ചു...

ഞാനൊരു തുറന്ന പുസ്തകമല്ലെന്ന് !!!

Thursday, January 24, 2013

സര്‍ക്കാര്‍ നീതി പാലിക്കുക ..

അടിസ്ഥാന ആവശ്യങ്ങളായ വെള്ളം , ഭക്ഷണം , വൈദ്യതി , ഗതാഗതം ഇങ്ങനെയുള്ള കാര്യങ്ങളില്‍ കേരള ജനത ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്ന് കരുതിയ ഞാനല്ലേ മണ്ടന്‍ ..
ഇതിലൊന്നും ഒരു ആശങ്കയുടെ  പോലും ആവശ്യം പൊതുജനത്തിനു വേണ്ടാ എന്ന് മനസ്സിലാക്കിയാകുമല്ലോ അന്തി ചര്‍ച്ചയ്ക്കു ചാനലുകള്‍  സി പി എം എന്ന വിഷയം തെരഞ്ഞെടുക്കുന്നത്..

അപ്പോള്‍ ഇത്തരം ഗുരുതരമായ വിഷയം കേരളത്തില്‍ നടക്കുമ്പോള്‍ ഒരു സര്‍ക്കാരിനു എങ്ങനെ കയ്യും കെട്ടി നോക്കിയിരിക്കാനാകും ??
സി പി എമ്മിനെ നേര്‍വഴിക്കു നടത്താന്‍ കെല്‍പ്പുള്ളവര്‍ എന്ന് ചാനലുകാര്‍ കരുതുന്ന കീടങ്ങളെ മധ്യസ്ഥരാക്കി  ഈ പ്രശനം അടിയന്തിരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം ..
അങ്ങനെ യഥാര്‍ത്ഥ ഇടതുപക്ഷം വരുകയും അവരെല്ലാം അവര്‍ നിലവില്‍ ചെയ്തു വരുന്ന പോലെ, കോണ്‍ഗ്രസ്സുകാര്‍ക്ക് വേണ്ടി വോട്ടു പിടിച്ചു അവരെ ജയിപ്പിച്ചു സമത്വ സുന്ദര കേരളം സ്ഥാപിക്കും ...

കടപ്പാട് : എയിഡ്സ് ഉള്ളവരോടുള്ള സമൂഹത്തിന്‍റെ ഒറ്റപ്പെടുത്തല്‍ മാറ്റാന്‍ എല്ലാ ജനങ്ങളെയും സമ്പൂര്‍ണ എയിഡ്സ് രോഗികളാക്കി മാറ്റുക എന്ന ആശയത്തോട് ...