Tuesday, May 29, 2012

ഫേസ്ബുക്ക്

2012/5/29 Anil Krishnathulasi <krishnathulasi.anil@gmail.com>
കാണ്മാനില്ല..................


ചന്തവിള ഓണ്‍ലൈന്‍ ന്റെ മുഖ്യ അഡ്മിനും ഗ്രൂപ്പിന്‍റെ പോസ്റ്റുകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന ശ്രീമാന്‍ ഷിജു ശശിധരനെ കഴിഞ്ഞ ഒരു മാസമായി ഗ്രൂപ്പില്‍ കാണ്മാനില്ല. എന്‍റെ കൂലംകഷമായ അന്വേഷണത്തില്‍ ടിയാന്‍ തന്‍റെ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇദേഹത്തെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഇവിടെ കമന്‍റാന്‍ താല്‍പര്യപ്പെടുന്നു. ചെറുപ്പക്കാരനും പ്രവാസിയും വിവാഹിതനും സര്‍വോപരി ഒരു കുഞ്ഞിന്‍റെ പിതാവുമായ ശ്രീ ഷിജുവിന്‍റെ ഫെയ്സ്ബൂക് തിരോധാനം ദുരൂഹത ഉണര്‍ത്തുന്നതാണ്.




ഞാന്‍ എന്ന വ്യക്തിയെ നയിച്ചുവരുന്ന പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നായ ഉന്മാദത്തിന്റെ വളരെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നായിരുന്നു ഒരു മാസമെന്നു നീ പറഞ്ഞതും പതിനഞ്ചു ദിവസമെന്ന് ഞാന്‍ കണക്കു സൂക്ഷിക്കുന്നതുമായ ഈ ദിനങ്ങള്‍ക്ക്‌ മുന്‍പ് ഫേസ്ബുക്കില്‍ ഞാന്‍ ആടിതിമിര്‍ത്തത് .ദിനത്തിന്റെ ഏറ്റവും പ്രധാന മണിക്കൂറുകളില്‍ അവിടെ ചിലവഴിച്ചു ഇഹത്തിലും  പരത്തിലുമുള്ള അനേകായിരം പേരുടെ പോസ്റ്റുകളിലൂടെ കടന്നു ചെന്നു, ഓരോരുത്തരുടെയും മാനസിക വികാരങ്ങളെ അളന്നു, ഓണ്‍ലൈന്‍ സാമൂഹികമെഖലയില്‍ , അതിന്‍റെ പ്രവര്‍ത്തനത്തിന്റെ ഉത്തുംഗ  ശൃംഗങ്ങളില്‍ വിളയാടിനിന്ന അവസരത്തിങ്കല്‍ പൊടുന്നനെ സംഭവിച്ച ഒരു വെളിപാടാണ് ഇരുട്ടിന്റെ അഗാധതയിലേക്ക്‌ കൂപ്പുകുത്തുക എന്നുള്ളത് ..പലതിനെ കുറിച്ചും ചില അക്ഷരങ്ങള്‍ മാത്രം മനസ്സിലാക്കി ആകെ മൊത്തം ഒരു അക്ഷരത്തെറ്റായി മാറുമോ എന്ന പേടിയുടെ മൂര്ധന്യതയാകണം ഇങ്ങനെ ഇരുട്ടിനെ പുല്‍കാന്‍ എന്നെ പ്രേരിപ്പിച്ചത്  .ആ ഇരുട്ടില്‍ ഏതെങ്കിലും ഒരു കോണിലെ വിളക്കുതെളിച്ചു അവിടത്തെ അക്ഷരങ്ങളെയെങ്കിലും കൃത്യമായി അളന്നു മനസ്സിലാക്കി പലകാര്യങ്ങളുടെ വാടകക്കാരനാകാതെ ഒന്നിന്റെയെങ്കിലും ഉടമസ്ഥനാകണമെന്ന ചില ചിന്തകള്‍ .....കൃഷ്ണതുളസിക്കാരനും മുന്‍പേ ഏന്റെ അസാന്നിധ്യം മണത്ത ചില പാണന്മാര്‍  എന്നെ ഏന്റെ സഹധര്‍മിണി , സ്ത്രീകളുമായുള്ള ഏന്റെ സഹവാസം മണത്തറിഞ്ഞു , ഞാനോ നിങ്ങടെ ഫെസ്ബുക്കോ എന്ന ഒറ്റ ചോദ്യത്തില്‍ കുരുക്കി എന്നെ തളച്ചതാണെന്ന  ചില കഥകള്‍ പാടി നടക്കുന്നുണ്ട് . ഇത്തരം ചില പൈങ്കിളികള്‍ അല്ലാതെ   ഏന്റെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്ന നല്ലൊരു അപവാദമെങ്കിലും ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്ന ഒറ്റ പ്രാര്‍ത്ഥനമാത്രമേ ഈ അവസരത്തില്‍ എന്നിലുള്ളൂ..

കാലമിനിയുമുരുളും 
ജൂണ്‍ വരും 
ജൂലായ്‌ വരും 
ആഗസ്റ്റ് വരും , 
അന്നേതെങ്കിലുമൊരു  ദിനം  നിര്‍വീര്യമാക്കിയ ഈ അക്കൌണ്ടിനു ജീവനുണ്ടേല്‍ , എന്‍റെ സഹസ്രകോടി  ഓണ്‍ലൈന്‍ സുഹൃത്തുക്കളെയും തിരിച്ചുകിട്ടുമെങ്കില്‍  നമ്മള്‍ക്ക് വീണ്ടും ശരാശരി പതിനഞ്ചു ഇഞ്ച് വലിപ്പം വരുന്ന പടക്കളത്തില്‍    വിപ്ലവത്തെയും രാജ്യസ്നേഹത്തെയും സദാചാരബോധത്തെയും ,പ്രകൃതിസ്നേഹത്തെയും അഴിമതിരഹിത,സമത്വസുന്ദര, നിഷ്കളങ്ക ഭാരതത്തിന്റെ സ്വപ്നങ്ങളെയും കണ്ണിലൂടെ ആവാഹിച്ചു , വിരലിലൂടെ വിസര്‍ജ്ജിച്ചു ആവേശം കൊള്ളാം.

അതുവരേയ്ക്കും ആശംസകള്‍ ഒരു കുടം നിറയെ ...

3 comments:

  1. ഉന്മാദം. നിങ്ങള്‍ക്കല്ലേലും പറഞ്ഞു നില്‍ക്കാന്‍ കാരണങ്ങള്‍ ഒരുപാട് ഉണ്ടല്ലോ. പണ്ട് അക്ഷര യില്‍ ഉള്ള സമയത്ത് ദിവസം നൂറു കാള്‍ എങ്കിലും വരുമായിരുന്നു നിങ്ങളുടെ ഫോണില്‍. എന്നിട്ടും പെട്ടന്നൊരു ദിവസം നിങ്ങള്‍ ഫോണ്‍ ഉപേക്ഷിച്ചു. കാര്യങ്ങള്‍ മുഴുവന്‍ എന്‍റെ തലയിലായി . അതിനുള്ള വിശദീകരണം ഉന്മാദം എന്നാണോ? കുറച്ചുനാള്‍ മുന്‍പ് ഫേസ് ബുക്ക്‌ ഇല്‍ നിങ്ങള്‍ പോസ്റ്റ്‌ ചെയ്ത "എന്‍റെ ചിത്ര രചന" എന്ന പേരിട്ട കുറെ ഒപ്പിക്കലുകള്‍. അതിനും പേര് ഉന്മാദം എന്നായിരുന്നുവോ? ചന്തവിള യിലെ ഭാസ്കരന്‍ മുതാലാളി മരിച്ചപ്പോള്‍ മരണത്തെ പറ്റി നിങ്ങള്‍ കോറിയിട്ട ആ വിലാപവും ഉന്മാദ സൃഷ്ടി ആയിരിക്കണം. പിന്നെപ്പോഴോ പൊതു വിജ്ഞാനം തലയ്ക്കു കയറി നിങ്ങള്‍ പോസ്റ്റ്‌ ചെയ്ത ചോദ്യ ശരങ്ങള്‍.. ഉന്മാദം ആയിരുന്നോ അതിനും കാരണം? കേളന്‍ കുലുങ്ങിയാലും പാലം കുലുങ്ങില്ല എന്ന മട്ടില്‍ നിങ്ങള്‍ നടക്കുമ്പോള്‍ പുറകില്‍ നിന്നും ഓരോരോ കാര്യങ്ങള്‍ പറഞ്ഞു നിങ്ങളെ ശല്യം ചെയ്ത സൈമണ്‍ സാറിനെ വക വയ്കാതെ നടന്നു നീങ്ങിയതും ഉന്മാദം മൂലമായിരിക്കണം അല്ലെ? നിങ്ങള്‍ ഷിജു ശശിധരന്‍ അല്ലെ? താങ്കളുടെ ഈ ചേതോവികാരങ്ങളെ ഉന്മാദം എന്ന് പേരിട്ടതില്‍ ഞാന്‍ ഖേദിക്കുന്നു. ഉന്മാദം ആണത്രേ ഉന്മാദം, ത്ഫൂ... പ്രവാസിയുടെ നൊമ്പരങ്ങള്‍ നിങ്ങള്‍ക്ക് ഇപ്പോഴും ഉണ്ടെങ്കില്‍, വിപ്ലവ ജ്വാലകള്‍ നിങ്ങളെ ഇപ്പോഴും പുളകം കൊള്ളിക്കുന്നു എങ്കില്‍, നഷ്ട സ്വപ്നങ്ങളും വിരഹവും വിമര്‍ശനവും നിങ്ങള്‍ക്ക് ഇപ്പോഴും അന്ന്യമല്ലെങ്കില്‍, ഗ്രാമത്തിലെ വഴിത്താരകളും അവിടെ കണ്ടു മുട്ടുന്ന ആള്‍ക്കാരും അവരുടെ കിനാവുകളും നിങ്ങളെ ഇപ്പോഴും മാടി വിളിക്കുന്നെങ്കില്‍, ഹേ ഷിജു ശശിധരാ നിങ്ങള്‍ക്ക് മടങ്ങി വരാതിരിക്കാന്‍ ആകില്ല. ഇരുട്ടില്‍ മുങ്ങി തപ്പിക്കോളൂ, അവിടെ ഒരു കോണില്‍ നിങ്ങള്‍ ഈ പറഞ്ഞവയെ തീര്‍ച്ചയായും കാണും, നിങ്ങള്‍ മടങ്ങി വരും, നിങ്ങള്ക്ക് മറ്റൊരു മേഖല ഇനിയും നിര്‍വചിച്ചിട്ടില്ല.....

    ReplyDelete
  2. അടടടടാ...പ്രമാദം ......പ്രമാദം....

    ReplyDelete
  3. മറുപടിക്കുള്ള പച്ചക്കറികള്‍ അരിയുന്നതെയുള്ളൂ, പാകമാകുമ്പോള്‍
    ഞാന്‍ വിളമ്പാം ..പക്ഷെ ഒരു സംശയം ..ഈ പാലം കുലുങ്ങുമ്പോള്‍ അല്ലെ കേളന്‍ കുലുങ്ങാതെ നില്‍ക്കുന്നത് .:)

    ReplyDelete