Wednesday, September 1, 2010

ബ്ലോഗ്‌ സാഹിത്യം-ചര്‍ച്ചയുടെ വഴിയിലൂടെ ..

ആദ്യമായാണ് നേരിട്ടുള്ള ഒരു ചര്‍ച്ചയില്‍ ഔപചാരികമായി ഇടപെട്ട് സംസാരിക്കാന്‍ തയ്യാറെടുക്കുന്നത് ..ബ്ലോഗ്‌ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ എന്ന വിഷയത്തില്‍  ഒരു ആമുഖം അല്ലെങ്കില്‍ അത്തരം ഒരു ചര്‍ച്ചയുടെ വിഷയം അവതരിപ്പിക്കുക എന്ന കര്‍ത്തവ്യം ശ്രീ രഘുനാഥ് ഷൊര്‍ണൂര്‍ ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയ ബ്ലോഗ്ഗിങ്ങിന്‍റെ വിവരങ്ങള്‍ പങ്കുവെക്കുക എന്ന ചിന്തയാണ് എനിക്കുണ്ടായത്.എന്നാല്‍ അതിന്‍റെ ചരിത്ര പശ്ചാത്തലവും രാഷ്ട്രീയവും കൂടി പ്രതിപാദിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനു എനിക്കുള്ള പാകതയില്‍ സംശയമുണ്ടായിരുന്നു.
                           ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് മോഡറേറ്റര്‍ ശ്രീ ജൊസഫ് സാജു പറഞ്ഞ കാര്യങ്ങള്‍ എന്‍റെ വിഷയത്തിന്‍റെ ഗതിയെ ഒന്ന് ചെറുതായി മാറ്റി.പ്രവാസി സമൂഹത്തില്‍ കമ്പ്യൂട്ടര്‍പരിജ്ഞാനവും ബ്ലോഗിങ് ഇടപെടലും നടത്തുന്നവരുടെ അനുപാതം,അതില്‍ പതിനാറായിരത്തിലധികം അംഗങ്ങളുള്ള നവോദയയുടെ പ്രാതിനിധ്യം കേവലം രണ്ടു ശതമാനമാണ് എന്ന വസ്തുത.ഈ അടുത്ത ദിവസങ്ങളിലായി ബ്ലോഗിങ്ങിലേക്ക് കടന്ന ശ്രീ ആസാദ്‌ തിരൂര്‍ ,രഘുനാഥ് ഷൊര്‍ണൂര്‍ ,അക്ഷരം എന്ന ഇന്‍റര്‍നെറ്റ് മാധ്യമം തുടങ്ങിയവയെകുറിച്ച് ഒക്കെ മോഡറേറ്റര്‍ ചുരുങ്ങിയ വാക്കുകളില്‍ സൂചിപ്പിച്ചു..
                    തുടര്‍ന്ന് എനിക്ക് സംസാരിക്കാന്‍ ലഭിച്ച അവസരം ഞാന്‍ ബ്ലോഗിങ് ,സോഷ്യല്‍ വെബ്സൈറ്റ് ,മൈക്രോബ്ലോഗിംഗ് തുടങ്ങിയവയുടെ വര്‍ത്തമാനകാല ചരിത്രം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്.ബ്ലോഗിങ്ങ് നല്ലതോ ചീത്തയോ എന്ന ഒരു ചര്‍ച്ച ഞാന്‍ പ്രതീക്ഷിച്ചു എങ്കിലും ഞാനൊരു ബ്ലോഗ്ഗര്‍ അല്ലെങ്കില്‍ ഇത്തരം ഇടപെടലുകള്‍ വളരെ അത്യാവശ്യമാണ് എന്ന അഭിപ്രായക്കാരന്‍ ആയതിനാല്‍ ബ്ലോഗിങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നവരുടെ മുന്‍പില്‍ അതിന്‍റെ വഴികള്‍ പരിചയപ്പെടുത്തുക എന്ന ചുമതല വിഷയാവതരണത്തിലൂടെ ഞാന്‍ ഏറ്റെടുത്തു.
                         കഴിഞ്ഞ ജൂലായ്‌ മാസത്തിലെ നവോദയ സര്‍ഗസദസ്സ് ചര്‍ച്ച ചെയ്ത പ്രവാസഎഴുത്തുകാരനായ ശ്രീ കെ വി ഉണ്ണികൃഷ്ണന്‍റെ ആപ്പിള്‍ ആലില മിത്ത് എന്ന കഥയുടെ ചര്‍ച്ചയില്‍ അതിനു പശ്ചാത്തലമായി വന്ന കമ്പ്യൂട്ടര്‍ ,സൈബര്‍ സാങ്കേതങ്ങളിലെ അപകടങ്ങള്‍ ,അത് മനുഷ്യജീവിതങ്ങളില്‍ വരുത്തുന്ന മാനാസിക പിരിമുറുക്കങ്ങളും വ്യഥകളും ദുരന്തങ്ങളും ,തുടര്‍ന്ന് കഥാചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം തന്നെ സൈബര്‍ സങ്കേതങ്ങളിലെ അപകടങ്ങളില്‍ വളരെ ആശങ്കാകുലരായി കാണപ്പെട്ടു ..അതിനിടയിലും ചിലര്‍ ഇത്തരം അപകടങ്ങളില്‍ ബോധാവാന്‍മാരാകുന്നതിനൊപ്പം അതിലും അനവധി മടങ്ങ്‌ ഗുണങ്ങള്‍,അല്ലെങ്കില്‍ ക്രിയാത്മകമായ ആശയസംവേദനത്തിനു സഹായിക്കുന്ന ഇടങ്ങളെ മനസ്സിലാക്കി ഉപയോഗിക്കെണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും പറഞ്ഞു..അന്നും ഇന്നും എനിക്കു തോന്നുന്ന കാര്യം ഇത്തരം ഇടങ്ങളെ പേടിയോടെ സമീപിക്കാനുള്ള പ്രധാനകാരണം ഇതിലുള്ള സങ്കേതികമായ ബുദ്ധിമുട്ടുകളും അജ്ഞതയുമാണ് .
                           പ്രവാസജീവിതം സമ്മാനിക്കുന്ന പിരിമുറുക്കങ്ങള്‍,ഏകാന്തതകള്‍,ഇവയൊക്കെ പലരെയും എഴുത്തിന്‍റെ വഴികളില്‍ എത്തിക്കാറുണ്ട്.പലപ്പോഴും മാനസികമായ അസ്വസ്ഥതകളെയും അസംതൃപ്തികളെയും അകറ്റി നിര്‍ത്താന്‍ കടലാസുകള്‍ക്കും പേനക്കും അതില്‍ നിറയ്ക്കുന്ന അക്ഷരങ്ങള്‍ക്കും വിവരണാതീതമായ സ്ഥാനമാനുള്ളത് .ഇത്തരം സാഹിത്യസൃഷ്ടികള്‍ക്ക് ശക്തമായ അനുഭവങ്ങളുടെയും വികാരങ്ങളുടെയും പിന്‍ബലം ഉണ്ടായിരിക്കും .ഭൂരിപക്ഷം പേരും ഇതൊക്കെ ഒരു ഡയറിയുടെ പേജുകളിലോ പെട്ടികളിലോ ഒക്കെ അടക്കി വെയ്ക്കാറാണ് പതിവ്.കുറച്ചു പേര്‍ ഇത്തരം സൃഷ്ടികള്‍ വെളിച്ചം കാണണം എന്ന് ആഗ്രഹിക്കുന്നവരും.സൗദി അറേബ്യയിലെ അല്ലെങ്കില്‍ ജി സി സി യിലെ സംവിധാനങ്ങളില്‍ ഇവിടെ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങളില്‍ അല്ലെങ്കില്‍ പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം സൃഷ്ടികള്‍ക്കും എത്രമാത്രം പ്രാധാന്യം ലഭിക്കുന്നു എന്നത് ഈ മോഹങ്ങള്‍ക്ക് വിലങ്ങു തടിയാണ്.പിന്നെ ഇത്തരം സൃഷ്ടികളുടെ ഗുണനിലവാരങ്ങളെക്കുറിച്ച് സ്വയമുള്ള ആശങ്കള്‍ ,പ്രസിദ്ധപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നടക്കുന്ന ഗുണനിലവാരപരിശോധനകള്‍ ,ഇവയൊക്കെ ഉള്ള സാധ്യതകളെ കൂടി ഇല്ലാതാക്കുന്നു.
                     എന്‍റെ പരിചയ ലോകത്തില്‍ ഇത്തരം ആഗ്രഹങ്ങളുമായി ജീവിക്കുകയും ,ഒപ്പം ഇങ്ങനെ സ്വന്തം വാക്കുകള്‍ പുറംലോകത്തെ അറിയിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവര്‍ക്കും ഒരു സഹായം.ജീവിതത്തിലെ ചില അസ്വസ്ഥമായ ദിവസങ്ങളില്‍ എന്‍റെയും ആശ്വാസവും ആത്മവിശ്വാസവും ആയി മാറിയ അക്ഷരങ്ങളുടെ ലോകത്ത് നിന്നും ബ്ലോഗിങ്ങ് ലോകത്ത് നിന്നും ഞാന്‍ സ്വായത്തമാക്കിയ അറിവുകള്‍ അത് പങ്കുവേക്കേണ്ടതു എന്‍റെ കടമയാണ് എന്ന ചിന്തയാണ് 'അക്ഷരം ' എന്ന വെബ്‌ പേജിലേക്ക് എത്തിയത്.നന്നായി വായിക്കുകയും വിഷയങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പുലര്‍ത്തുകയും എന്നാല്‍ എഴുത്തിന്‍റെയും വെബ്‌ ലോകത്തിന്‍റെയും ഇടങ്ങളില്‍ അധികം ഇടപെടാതിരുന്ന കുറച്ചു പേരെയെങ്കിലും ഈ ഒന്നരമാസത്തില്‍ എഴുത്തിനെ വളരെ ഗൗരവമായി ചിന്തിപ്പിക്കാന്‍ കഴിഞ്ഞു.ബ്ലോഗിങ് ,ഫേസ്‌ബുക്ക്‌ ,ട്വിറ്റര്‍ ,തുടങ്ങിയ സങ്കേതങ്ങളെ കുറിച്ചും ഇതിലൊക്കെ നടക്കുന്ന ഇടപെടലുകളെ സാമൂഹിക പ്രചോദികമാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞു ചര്‍ച്ചക്ക് വേദി കൈമാറുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത്തിലും അധികം മികച്ച അഭിപ്രായങ്ങള്‍ അവിടെ സൃഷ്ടിക്കപ്പെട്ടു.
                   ശ്രീ സി വി ജോസ്‌ സംസാരിച്ചു തുടങ്ങിയത് ബ്ലോഗിങ്ങിന്‍റെ ചരിത്രത്തിലൂടെയാണ്,തൊണ്ണൂറുകളില്‍ ഗള്‍ഫ്‌ യുദ്ധത്തിന്‍റെ കാലഘട്ടങ്ങളില്‍ അമേരിക്കയുടെ ഔദ്യോഗിക വിശദീകരണങ്ങളിലും CNN തുടങ്ങിയ  മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിലുമപ്പുറം യാഥാര്‍ത്യങ്ങളെ അറിയാന്‍ സഹായിച്ചതു ചിലബ്ലോഗുകളാണ് എന്ന് പറഞ്ഞ അദ്ദേഹം ക്ലിന്‍റന്‍ മോണിക്ക ലെവിന്‍സ്കി വിഷയത്തില്‍ ബ്ലോഗുകള്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും പറഞ്ഞു..ഇവിടെയൊക്കെ മാധ്യമങ്ങള്‍ക്കുമപ്പുറം യഥാര്‍ത്ഥമായ വിവരങ്ങള്‍ ബ്ലോഗുകള്‍ എത്തിക്കുന്നു എന്നും എന്നാല്‍ ചില ഇടങ്ങളില്‍ അത് വ്യക്തിഹത്യ പോലുള്ള തെറ്റായ പ്രവണതകള്‍ക്കും വേദിയാകുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു.വായിക്കുക.എഴുതുക ,സ്വയം എഡിറ്റ്‌ ചെയ്യുക എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോഗുകള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യവും ഒപ്പം അതുകൊണ്ട് തന്നെ സംഭവിക്കാവുന്ന നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകളും അദ്ദേഹം പരാമര്‍ശിച്ചു.ഒപ്പം ഇത് എഴുതുന്നവന്‍റെ ആത്മവിശ്വാസം കുളിമുറിയിലെ ഗായകന്‍റെയോ ,അവിടെ അനുഭവപ്പെടാത്ത നഗ്നത എന്ന ബോധമോ പോലെ യാണെന്നും അതുകൊണ്ട് എന്തും എഴുതാമെന്ന ബോധം ഉണ്ടാക്കുന്നുവെന്നും ഇത് ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
                 തുടര്‍ന്ന് അപ്പിള്‍ ആലില മിത്ത് എന്ന കഥയുടെ കഥാകാരന്‍ ശ്രീ കെ വി ഉണ്ണികൃഷ്ണന്‍ ഇത്തരം വിഷയങ്ങളില്‍ നിരന്തരം ചര്‍ച്ചകള്‍ നടക്കണമെന്നും .ബ്ലോഗുകള്‍ നടക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചക്ക് ഉള്‍പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.ശ്രീ സന്തോഷ്‌ തയ്യില്‍ ബ്ലോഗുകളില്‍ നടക്കുന്ന തീവ്രവാദസ്വഭാവമുള്ളതും അരാഷ്ട്രീയം പ്രചരിപ്പിക്കുന്നതുമായ ചര്‍ച്ചകള്‍ സമൂഹത്തിനു തന്നെ ഭീഷണിയാണെന്നും പുരോഗമന പ്രസ്ഥാനങ്ങളെ അക്ഷേപിക്കുവാനും വര്‍ഗീയത പരത്തുവാനും വേണ്ടി നടക്കുന്ന ഇത്തരം ശ്രമങ്ങളില്‍ ഇടപ്പെട്ടു അവയെ ചെറുത്തു  തോല്‍പ്പിക്കണമെന്നും പറഞ്ഞു .ഇന്നത്തെ യുവത്വം കൂടുതല്‍ ശ്രദ്ധ  കേന്ദ്രീകരിക്കുന്ന ഇടങ്ങളായ ഓണ്‍ലൈന്‍ ലോകത്തു പുരോഗമന ആശയങ്ങള്‍ എത്തിക്കണ മെങ്കിലും മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തണ മെങ്കിലും അവരുടെ ഇടങ്ങളിലേക്കു നമ്മള്‍ ഇറങ്ങി ചെല്ലണമെന്നും ഇല്ലെങ്കില്‍ അരാഷ്ട്രീയമായ ഒരു സമൂഹം നാളെ രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
               ബ്ലോഗിങ്ങില്‍ സജീവമായ ശ്രീ ശശിപണിക്കര്‍ ഇന്‍റര്‍നെറ്റ് ലോകത്തില്‍ 99 ശതമാനവും നല്ലതും ഒരു ശതമാനം ദോഷവും ആണെന്ന് പറഞ്ഞു .ഇന്‍റര്‍നെറ്റ് സങ്കേതങ്ങളെ ഒഴിവാക്കി ഇനി ഒരു സമൂഹം അസാധ്യമാണെന്ന് പറഞ്ഞ അദ്ദേഹം തെറ്റും ശരിയും തിരിച്ചറിഞ്ഞു ഉപയോഗിക്കേണ്ടത് അത് ഉപയോഗിക്കുന്നവരുടെ ചുമതലയാണെന്ന് ഓര്‍മിപ്പിച്ചു .
           അരാഷ്ടീയബോധവും സ്വത്വബോധവും ബാധിച്ചു മനവീയതയുടെ നല്ല വശങ്ങളില്‍ നിന്നും പുരോഗമനആശയങ്ങളില്‍ നിന്നും തെന്നിമാറുന്ന ഇന്നത്തെ യുവത്വം ,സ്വാശ്രയസ്ഥാപങ്ങളില്‍ നിന്ന് വിരിയി ച്ചെടുക്ക പ്പെട്ട ഇത്തരം ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും കരുത്തുറ്റ ചിതയും ശക്തമായ  ഇടപെടലുമായി വേറിട്ട്‌ നില്‍ക്കുന്ന ശ്രീ സുഗീത്‌ തന്‍റെ തന്നെ സമകാലികാരുടെ ജീവിതരീതികളെ കുറിച്ച് സംസാരിച്ചു.ജോലി കഴിഞ്ഞാല്‍ ലാപ്‌ ടോപിന്‍റെ മുന്‍പില്‍ ചാറ്റിങ്ങിന്‍റെയും സ്ത്രീ സൗഹൃദങ്ങളുടെയും മായിക ലോകത്തേക്കു ആഴ്ന്നിറങ്ങുന്ന പ്രതികരണശേഷിയെ പണയം വെക്കുന്ന തന്‍റെ സുഹൃത്തുക്കളുടെ ചിന്തകളില്‍ ഇടപെടണമെങ്കില്‍ ഇത്തരം നൂതനസങ്കേതങ്ങളെ അനുഭവത്തിന്‍റെ പിന്‍ബല മുള്ളവര്‍ ക്രിയാത്മകമായി ഉപയോഗിക്കണമെന്നു അഭ്യര്‍ഥിച്ചു.ഇന്‍റര്‍നെറ്റ് സോഷ്യല്‍ സൈറ്റ് ആയ 'കൂട്ടം 'ക്യാന്‍സര്‍ രോഗബാധിതയായി നമ്മെ വിട്ടു പിരിഞ്ഞ രമ്യ ആന്റണി യുടെ ചികിത്സക്കു പണംസ്വരൂപിക്കുകയും ആശ്വാസം പകരുകയും ചെയ്തു മാതൃക കാട്ടിയത് പിന്തുടരാന്‍ നമുക്കും കഴിഞ്ഞാല്‍ അതിരുകളില്ലാത്ത ആശയ പ്രചാരണങ്ങളെ ഉപയോഗിക്കാനും ഓണ്‍ലൈന്‍ മേഖലയില്‍ നിലവിലുള്ള ആശങ്ക കളെ അപ്രസക്തമാക്കാനും കഴിയുമെന്നും അഭിപ്രായപ്പെട്ടു .
                                  ഡോകുമെന്‍റെറി നിര്‍മാതാവും പ്രവാസലോകത്തെ ശക്തമായ സാന്നിദ്ധ്യവുമായ ശ്രീ പി എ സമദ്‌ ഇ മെയിലുകളിലും വെബ്‌ സൈറ്റ്കളിലും വ്യാപകമായി നിറയുന്ന മതപ്രചാരനങ്ങളിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരം ചര്‍ച്ചകളിലും ആശങ്ക പ്രകടിപ്പിച്ചു.നവോദയ പോലുള്ള സംഘടനകള്‍ ഇത്തരം  അഭിനന്ദനാര്‍ഹമായ ചര്‍ച്ചകളുടെ തുടര്‍ച്ച സൃഷ്ടിക്കണമെന്ന് അഭിപ്രായപ്പെട്ടു .
                                 ബ്ലോഗ്‌ രചനകളില്‍ നിലവാരമുള്ളവയുടെ എണ്ണം പരിശോധിച്ചാല്‍ അതിന്‍റെ രചിയിതാക്കള്‍ക്കും എത്രമാത്രം വായനയുടെ പിന്‍ബലമുണ്ടെന്നു മനസ്സിലാക്കാമെന്ന് നവോദയപ്രസിഡണ്ട് ശ്രീ പ്രദീപ്‌ കൊട്ടിയം പറഞ്ഞു.
                                      കാലത്തിനനുസരിച്ചു മാറുക എന്നതിനപ്പുറം ഓരോ കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കു നാം കാതോര്‍ക്കുകയും ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു അതിന്‍റെ രീതികള്‍ക്കനുസരിച്ച് ആശയങ്ങളെ സംവേദനം ചെയ്താല്‍ മാത്രമേ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന ചിന്തയാണ് എനിക്കുള്ളത് ആശയക്കുഴപ്പങ്ങളെയും ആശങ്കകളെയും വ്യക്തമായ അറിവുകളിലൂടെ മറികടക്കാമെന്നും അതിലൂടെ പുത്തന്‍സങ്കേതങ്ങളെ ഗുണപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നും കരുതുന്നു।തെറ്റുകുറ്റങ്ങള്‍ നിരവധി സംഭവിക്കുന്ന ലോകത്തില്‍ അതിന്‍റെ നവീകരണത്തിനും ശുദ്ധീകരണത്തിനും നമുക്ക് ആ ലോകത്തേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയില്‍ ഊന്നിയാണ് ചര്‍ച്ചക്രോഡീകരിച്ചു ശ്രീ രഘുനാഥ് ഷോര്‍ണൂര്‍ സംസാരിച്ചത്.
                                                     ആശയവിനിമയത്തിന്‍റെ ചരിത്രവഴികളില്‍ കണ്ട താളിയോലക്കെട്ടുകളും അച്ചടിപ്രസിദ്ധീകരണങ്ങളും ശ്രവ്യദൃശ്യ മാധ്യമങ്ങളും പിന്നെ ഇപ്പോഴത്തെ ചാനലുകളും പിന്നെ സജീവമായ ബ്ലോഗുകളും ഇങ്ങനെ മാര്‍ഗങ്ങള്‍ അനവധിയാണ് ശ്രീ സി വി ജോസ് ചൂണ്ടികാണിച്ച പോലെ ഇനി എന്താണ് എന്നതാണ് നിലവിലെ ആകാംക്ഷ .നല്ലതും ചീത്തയും പറഞ്ഞു തര്‍ക്കിച്ചു ഓണ്‍ലൈന്‍ ലോകവും എഴുത്തും വേണമോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് ഇന്ന് അപ്രസക്തമാണ് .അത്രയധികം പേര്‍ ഇതില്‍ ഇടപെടുന്നു..അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ ചിലതെങ്കിലും വഴിതെറ്റിക്കാനും ഇടയാകുന്നു .അത്തരം ഇടങ്ങളില്‍ പുരോഗമാനാശയങ്ങളെ എത്തിക്കുക എന്ന സാമൂഹ്യപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അനുഭവസമ്പത്തും ആശയവ്യക്തതയും ഉള്ളവരുടെ സാന്നിധ്യം അത്യാവശ്യമാണ് ..
              ഒരു സമൂഹത്തിന്‍റെ ശുദ്ധീകരണം അതില്‍ ജീവിച്ചു മാത്രമേ സാധിക്കുകയുള്ളൂ..

1 comment:

  1. ഇത്തരത്തിലുള്ള ക്രിയാത്മകമായ ചര്‍ച്ചകളിലേക്ക്‌ ഒക്കെ നവോദയ മാറുന്നുണ്ട്‌ എന്നറിയുന്നത്‌ സന്തോഷം പകരുന്നു. നന്ദി ഷിജു, വിശദമായ റിപ്പോര്‍ട്ടിന്‌..

    ReplyDelete