നവോദയ സര്‍ഗ്ഗസദസ്സ്
ആവിഷ്ക്കാര ഇടങ്ങളെ മാനവീകരിക്കാന്‍ കൂട്ടായ ഇടപെടല്‍ വേണം
ദമാം :ചിന്തയുടെ അഗ്നിസ്ഫുരണങ്ങള്‍ പടര്‍ത്തുന്ന സര്‍ഗ്ഗാത്മക സന്നിവേശങ്ങളിലൂടെ ജീവിതകാമനകളെ ആവിഷ്കരിച്ചേ നൂതനരചനാവേദിയായ സൈബര്‍എഴുത്തുകളെ ജനകീയമാക്കാനാവു എന്ന് നവോദയ സര്‍ഗ്ഗസദസ്സ് സംഘടിപ്പിച്ച ബ്ലോഗ് സാഹിത്യസംവാദം അഭിപ്രായപ്പെട്ടു .
വായനയുടെയും എഴുത്തിന്‍റെയും പരമ്പരാഗതസങ്കല്‍പ്പങ്ങളെ വേര്‍പിരിഞ്ഞ് തല്‍സമയഎഴുത്തുകളാലും ചര്‍ച്ചകളാലും മുഖരിതമായ ഇന്‍റര്‍നെറ്റ് വേദികളെ സാമൂഹ്യപ്രചോദിതമാക്കാന്‍ സംഘടിതഇടപെടലുകള്‍ ആവശ്യമാണെന്ന് വിഷയാവതാരകന്‍ ഷിജു ശശിധരന്‍ പറഞ്ഞു.
വിവരസാങ്കേതികവിദ്യയുടെ ആശയസംവാദമേഖലയായ ബ്ലോഗുകള്‍ക്ക് ആനുകാലിക ലോകത്ത് പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ടെങ്കിലും വേണ്ടത്ര ഗൗരവപൂര്‍ണമല്ലാത്ത ഇടപെടലുകള്‍ പുരോഗമനമൂല്യബോധങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായി സംവാദം ഉല്‍ഘാടനം ചെയ്തു സംസാരിച്ച പ്രഭാതം മാഗസിന്‍ എഡിറ്റര്‍ സി വി ജോസ് അഭിപ്രായപ്പെട്ടു .
സാമൂഹ്യമൂല്യനിര്‍ണയത്തിന്‍റെ അഭാവവും എഴുത്തുകാരന്‍റെ വെളിപ്പെടുത്തപ്പെടാത്ത സ്വത്വവും അതിരുകളില്ലാത്ത പ്രസിദ്ധീകരണസ്വാതന്ത്ര്യവും ബ്ലോഗ് രചനകളില്‍ ഭൂരിഭാഗത്തെയും അശ്ലീലച്ചുവയുള്ളതും നിലവാരമില്ലാത്തതുമാക്കുന്നതായി ചടങ്ങില്‍ സംസാരിച്ച നവോദയപ്രസിഡണ്ട് പ്രദീപ് കൊട്ടിയം ചൂണ്ടിക്കാട്ടി.
മതവൈരം വളര്‍ത്തുന്നതും തീവ്രവാദലക്ഷ്യങ്ങളുമുള്ള ബ്ലോഗ് എഴുത്തുകളെ പ്രതിരോധിക്കാന്‍ മനുഷ്യസ്നേഹത്തിന്‍റെ അറിവിടങ്ങളായി സൈബര്‍ സാധ്യതകളെ വികസിപ്പിക്കണമെന്ന് ഡോകുമെന്‍റെറി നിര്‍മാതാവും സാംസ്കാരികപ്രവര്‍ത്തകനുമായ പി എ സമദ് ആവശ്യപ്പെട്ടു.
നിരീക്ഷണ വൈവിധ്യങ്ങളുമായി ചെറുകഥാകൃത്ത് കെ വി ഉണ്ണികൃഷ്ണന്‍, ശശിപണിക്കര്‍,ഷാജഹാന്‍ കണ്ണൂര്‍ ,ഉണ്ണി ഏങ്ങണ്ടിയൂര്‍,സാംസ്കാരിക വേദി കണ്‍വീനര്‍ രഘുനാഥ് ഷൊര്‍ണൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയെ സമ്പുഷ്ടമാക്കി.
സുഗീത്,സി പി എ ഗഫാര്‍ സന്തോഷ് തയ്യില്‍ തുടങ്ങിയവര്‍ ബ്ലോഗ് രചനകള്‍ അവതരിപ്പിച്ചു.ജോസഫ് സാജു നിയന്ത്രകനായ സംവാദസദസ്സിന് വിജയന്‍ നങ്ങേത്ത് സ്വാഗതവും സേതു വാണിയംകുളം നന്ദിയും പറഞ്ഞു
No comments:
Post a Comment