Saturday, August 9, 2014

അവനവനിസം -ഒന്ന്

എനിക്കൊന്നും ഒളിക്കാനില്ല
ഞാനൊരു തുറന്ന പുസ്തകമാണ്
എന്നെ ഇവിടുത്തെ പ്രേക്ഷകര്‍ക്ക് അറിയാം
അവരുടെ മുന്‍പിലാണ് ഞാന്‍ വളര്‍ന്നത്
ദൈവത്തില്‍ മാത്രം വിശ്വസിച്ചു പുലരുന്ന ഒരാളാണ് ഞാന്‍

താങ്കളുടെ  പതിനാലു വര്‍ഷത്തെ ദാമ്പത്യജീവിതമാണ് അവസാനിക്കുന്നത്.സിനിമാതാരങ്ങള്‍ക്കിടയില്‍ ഇത്തരം വേര്‍പിരിയലുകള്‍ ഇപ്പോള്‍ ധാരാളമായി നടക്കുന്നുണ്ട്. ഇതു എന്ത് സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത് എന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ ?

സുഹൃത്തേ ,എനിക്ക് തോന്നുന്നത് താങ്കളും താങ്കള്‍ ഉള്‍പ്പെടുന്ന മാധ്യമലോകമെന്ന കൂട്ടവും സര്‍വവും മംഗളമായി നടക്കുന്ന ഒരു മിഥ്യാലോകം നിര്‍മിക്കുവാനോ അതല്ലെങ്കില്‍ അത്തരം ഒന്നു നിര്‍വചിച്ചു വെച്ചിട്ട് അതിനുള്ളില്‍ നിന്നോ ആണ് സംസാരിക്കുന്നത് എന്നാണ്.
വിവാഹ മോചനങ്ങള്‍ കുറവായ ഏതെങ്കിലും ഒരു കൂട്ടത്തെ കാണിച്ചു തരാന്‍ നിങ്ങള്‍ക്കാകുമോ.എന്നെക്കാളും വേഗം അത്തരം കണക്കുകള്‍ ലഭ്യമാകുന്ന ഒരാളല്ലേ നിങ്ങള്‍. അതിന്‍റെ നിലവാരം എങ്ങനെ എന്ന് പരിശോധിച്ച് പറയൂ. ഇതൊരു പുതിയ പ്രതിഭാസം മാത്രമാണെന്നോ അതോ, സിനിമാ മേഖലയില്‍ മാത്രം ഉള്ളതാണ് എന്നോ പറയാന്‍ ആകുമോ?
പിന്നെ വിവാഹമോചനം എന്നത് പാടില്ലാത്ത ഒന്നാണ് എന്നോ, അത് പാപം ആണെന്നോ ഞാന്‍ കരുതുന്നില്ല. അതും ഒരു പോംവഴിയാണ്. ആവശ്യം ഉള്ളവര്‍ക്ക് അവരവരുടെ സൗകാര്യാനുസരണം തെരഞ്ഞെടുക്കാവുന്ന പല വഴികളില്‍ ഒന്നു മാത്രമല്ലേ അത് .
ഇത്ര ലളിതമാണോ കാര്യങ്ങള്‍ ?
    എന്നാരാണ് പറഞ്ഞത്? കാര്യങ്ങള്‍ നമുക്ക് ലളിതമാക്കാം, സങ്കീര്‍ണമാക്കാം. അത് ആ കാര്യം ചെയ്യുന്നയാളിന്‍റെയും അത് വീക്ഷിക്കുന്ന ആളിന്റെയും വീക്ഷണത്തില്‍ അല്ലെ നിര്‍വചിക്കപ്പെടുന്നത്.
    പക്ഷെ ഒന്നുണ്ട് , സങ്കീര്‍ണമായ ഒന്നിനെ ഒരിക്കലും ലളിതമായി അധികനേരം കാണാനാകില്ല. എന്നാല്‍ ലളിതമായതിനെ വളരെ എളുപ്പം സങ്കീര്‍ണമാക്കി കാണിക്കാനുമാകും .
 ചുരുക്കിപ്പറഞ്ഞാല്‍ ലളിതമായി ഒന്നുമില്ല എന്നല്ലേ ?
ലാളിത്യമെന്നത് ഓരോ പ്രശ്നങ്ങളെ സമീപിക്കുന്ന രീതിയിലാണ് സംഭവിക്കുന്നത് എന്ന് തോന്നുന്നു. അത് ചിന്തയുടെ ഉല്‍പ്പന്നമാണ്‌. കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണത്തിന്‍റെയും , കഴിയുന്നത്ര സുതാര്യമായ ചിന്തയുടെയും ഉല്‍പ്പന്നമല്ലേ ഈ ലാളിത്യം. അല്ലാതെ ഏതു പ്രശ്നമാണ് ലളിതമായി ഉള്ളത്.
 നമുക്ക് തുടക്കത്തില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിലേക്ക് തന്നെ മടങ്ങി വരാം. സിനിമാതാരങ്ങള്‍ക്കിടയിലേക്ക് തന്നെ വരാം. അവര്‍ക്ക് സമൂഹത്തോട് കടമകള്‍ ഒന്നുമില്ല എന്നാണോ?
    ഈ നിങ്ങള്‍ പറയുന്ന സിനിമാതാരങ്ങള്‍ എന്ന വര്‍ഗത്തെ എങ്ങനെയാണ് സമൂഹം കൈകാര്യം ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
    ഞാന്‍ ആദ്യം പറഞ്ഞ മിഥ്യാലോകം എന്നതിന്‍റെ മികച്ച ഒരു ഉദാഹരണം തന്നെയല്ലേ ഇതും.
    പണിക്കുറ്റങ്ങള്‍ ഒട്ടുമില്ലാത്ത മിഥ്യാലോകം , എത്ര നന്നായി സൃഷ്ടിക്കാം എന്നതില്‍ ജീവിതം സമര്‍പ്പിച്ചവരല്ലേ ഞങ്ങള്‍. ഓരോ നിമിഷത്തിലും അതിന്‍റെ ഗവേഷണത്തില്‍ അല്ലെ സിനിമയുടെ അണിയറക്കാര്‍.
    അത്തരം ഒരു ലോകത്തില്‍ ഞങ്ങളെ കണ്ട് ഞങ്ങളുടെ വ്യക്തിത്വത്തെ അളക്കുന്നവരല്ലേ നിങ്ങള്‍ ഉള്‍പ്പെടുന്ന ഈ  ലോകം. അങ്ങനെ ഒരു ലോകത്തിനു മുന്‍പില്‍ മാതൃകകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രം ജീവിതം ജീവിച്ചു തീര്‍ക്കുന്നതില്‍ എന്ത് മഹത്വമാണ് താങ്കള്‍ക്ക് പറയാനാകുക.
ഇത് താങ്കള്‍ ആദ്യം പറഞ്ഞ പ്രക്ഷകരുടെ മുന്‍പിലാണ് ജീവിച്ചതെന്നും , അവര്‍ക്ക് താങ്കളെ അറിയാമെന്നും പറഞ്ഞതുമായി എങ്ങനെ ഒത്തു പോകും.
ആ വാചകങ്ങളില്‍ എന്തെങ്കിലും അര്‍ത്ഥമുള്ളതായി താങ്കള്‍ക്ക് തോന്നിയോ, ഒരിക്കല്‍ കൂടി എടുത്തു ഉദ്ധരിക്കാന്‍ മാത്രം എന്തെങ്കിലും ഒരു മൂല്യം അതില്‍ അടങ്ങിയിട്ടുള്ളതായി താങ്കള്‍ക്ക് തോന്നുന്നുണ്ടോ. അത് നിങ്ങളെ പോലുള്ളവര്‍ക്കുള്ള  ഒരു മുന്‍നിര്‍മിത മറുപടി മാത്രമാണ്. അതിനുമപ്പുറം ഒന്നും നിങ്ങളോട് പറയാന്‍ പാടില്ല.
    അതൊരു സ്വയംപ്രതിരോധമാണ്, അത്രപോലും ബുദ്ധി പ്രയോഗിക്കാതെ എങ്ങനെ ഇവിടെ നിലനില്‍ക്കാനാകും.
ഒരു സിനിമയിലെ തന്നെ വാചകം കടം കൊണ്ട് ചോദിക്കട്ടെ ? അപ്പോള്‍ അന്‍പതു രൂപ ടിക്കറ്റ് എടുത്തു അലറി വിളിക്കുന്ന ജനക്കൂട്ടത്തിന്‍റെ ആവേശം നിങ്ങളെ പ്രലോഭിപ്പിക്കുന്നില്ല എന്നാണോ ?
    സിനിമ എന്നത് ഓരോരുത്തര്‍ക്കും ഓരോ വികാരമാണ്. തൊഴില്‍, ആത്മസംതൃപ്തി,അഭിനിവേശം,സാമൂഹികമായ കര്‍ത്തവ്യനിര്‍വഹണ ഉപാധി, തിരക്കിനിടയില്‍ ആശ്വാസം ലഭിക്കുന്ന രണ്ടര മണിക്കൂര്‍, സ്വപ്നലോകം, പരിപൂര്‍ണ സംതൃപ്തി എന്നിങ്ങനെ അനവധി നിരവധി വ്യാഖ്യാനങ്ങള്‍ സിനിമയ്ക്ക് നല്‍കാനാകും. ഈ കലാരൂപവുമായി ബന്ധപ്പെടാത്ത ഒരു ജനവിഭാഗത്തെയും നമുക്ക് കാണാനാകില്ല. ഇനി അഥവാ അങ്ങനെ ഒരു കൂട്ടമുണ്ടെങ്കില്‍ അവരെ നമുക്ക് സിനിമയ്ക്ക് ഒരു വിഷയമായി എങ്കിലും ഉപയോഗിക്കാം .
    മറ്റൊരു കലാരൂപത്തിനും ഇങ്ങനെ ഒരു രീതിയിലും ഒഴിവാക്കാന്‍ കഴിയാത്തത് എന്ന പ്രത്യേകത ഇല്ല തന്നെ.
    അതിനാല്‍ തന്നെ , ഇത്തരം പരസ്പരമുള്ള സഹകരണം അല്ലെങ്കില്‍ ബഹുമാനം എന്നതിനുമപ്പുറം ഒരു കടപ്പാട് വച്ച് പുലര്‍ത്തേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.
                                                                                         അവനവനിസം തുടരും..



No comments:

Post a Comment